കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന രാഹുല് മാങ്കൂട്ടത്തിലിന് പിന്തുണയുമായി കെ സുധാകരന് എംപി. രാഹുല് മാങ്കൂട്ടത്തില് നിരപരാധിയാണെന്ന് സുധാകരന് പറഞ്ഞു. രാഹുല് കോണ്ഗ്രസില് സജീവമാകണം. 'ഞാന് ആ വിഷയത്തെ പറ്റി അന്വേഷിച്ചു. കോണ്ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല, കെ സുധാകരന് കൂട്ടിച്ചേര്ത്തു. രാഹുലുമായി വേദി പങ്കിടാന് മടിയില്ല. പുതിയ ശബ്ദരേഖ താന് കേട്ടിട്ടില്ലെന്നും സുധാകരന് വ്യക്തമാക്കി.
'വെറുതെ ആദ്ദേഹത്തെ അപമാനിക്കാന് സിപിഐഎമ്മും ബിജെപിയും നടത്തുന്ന ശ്രമമാണ് ഇതിന് പിന്നില്. തീര്ത്തും നിരപരാധിയാണ്. ഞാനതൊക്കെ അന്വേഷിക്കുന്നുണ്ട്. അന്വേഷിച്ചത് രണ്ട് ചീത്ത പറയാന് വേണ്ടിയാണ്. പക്ഷെ മറുപടിയെല്ലാം കേട്ടപ്പോള് എനിക്ക് തോന്നി ഐ വാസ് റോങ്. ഞാനവനെ വിളിച്ച് സംസാരിച്ചു. നമുക്ക് അവനെക്കുറിച്ച് തര്ക്കങ്ങളൊന്നുമില്ല. അവന്റെ പാര്ട്ടി കോണ്ഗ്രസാണ്. കോണ്ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. ആര് പറഞ്ഞാലും നമുക്കത് പ്രശ്നമല്ല. രാഹുല് സജീവമായി രംഗത്തുവരണം. കഴിവും പ്രാപ്തിയുമുള്ള നേതാവാണ്. ജനമനസില് സ്ഥാനമുള്ളവനാണ്. ആളുകള്ക്ക് ഒരുപാട് വികാരങ്ങളും വിചാരങ്ങളും പകര്ത്തിക്കൊടുക്കാന് സാധിക്കുന്ന, പ്രാസംഗിക കരുത്തുള്ളവനാണ്. അവനെ വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഞാന് ശബ്ദ സന്ദേശം കേട്ടിട്ടില്ല, അവന് തന്നെ പറഞ്ഞിട്ടുണ്ടല്ലോ, വെല്ലുവിളിച്ചിട്ടുണ്ടല്ലോ. രാഹുലിനെ പാര്ട്ടിയോടൊപ്പം കൂട്ടിനിര്ത്തിക്കൊണ്ടുപോകണം. അദ്ദേഹത്തിനൊപ്പം ഞാന് വേദി പങ്കിടും,' സുധാകരൻ പറഞ്ഞു.
അതേസമയം, രാഹുല് മാങ്കൂട്ടത്തില് പാര്ട്ടിയില് നിന്ന് സസ്പെന്ഡ് ചെയ്യപ്പെട്ട ആളാണെന്നായിരുന്നു എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. പാര്ട്ടിയില് നിന്ന് മാറ്റി നിര്ത്തിയതാണ്. ആരോപണം വന്നപ്പോള് തന്നെ കര്ശനമായ നടപടിയെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തില് പങ്കെടുക്കുന്നുണ്ടെങ്കില് പാലക്കാട്ടെ നേതൃത്വം മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ രാഹുല് മാങ്കൂട്ടത്തിലിനെതിരെ കോണ്ഗ്രസില് അതൃപ്തി പുകയുകയാണ്. രാഹുലിന് പാര്ട്ടിക്കുള്ളില് സംരക്ഷണം നല്കുന്നതിനെ ചൊല്ലിയാണ് അതൃപ്തി. അതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ട് സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്.
രാഹുലിനെതിരെ കടുത്ത നടപടി വേണമെന്നാണ് മുതിര്ന്ന നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ആവശ്യം. എന്നാല് ആരോപണങ്ങളില് മൗനം പാലിക്കുന്ന നിലപാടായിരുന്നു കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന് സണ്ണി ജോസഫും സ്വീകരിച്ചത്.
രാഹുല് മാങ്കൂട്ടത്തില് ഗര്ഭധാരണത്തിന് യുവതിയെ നിര്ബന്ധിക്കുന്ന വാട്സ്ആപ്പ് സന്ദേശവും ഗര്ഭധാരണത്തിന് ശേഷം ഗര്ഭഛിദ്രത്തിന് നിര്ബന്ധിക്കുന്ന ഫോണ് കോളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നമുക്ക് കുഞ്ഞ് വേണമെന്നാണ് രാഹുല് പെണ്കുട്ടിയോട് വാട്സ്ആപ്പിലൂടെ ആവശ്യപ്പെടുന്നത്. എനിക്ക് നിന്നെ ഗര്ഭിണിയാക്കണമെന്നും രാഹുല് നിര്ബന്ധിക്കുന്നുണ്ട്. ലൈംഗികാരോപണത്തില് നടപടി നേരിട്ട് യൂത്ത് കോണ്ഗ്രസ് അധ്യക്ഷസ്ഥാനം അടക്കം രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് രാഹുലിന് കുരുക്കായി വീണ്ടും ശബ്ദരേഖ പുറത്തുവന്നത്.
Content Highlights: k sudhakran supports rahul mamkootathil