പാലക്കാട്: രാഹുല് മാങ്കൂട്ടത്തില് എംഎല്എ യുവതിയെ ഗര്ഭഛിദ്രത്തിന് നിര്ബന്ധിക്കുന്നതും അസഭ്യം പറയുന്നതുമായ പുതിയ ഫോണ് സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. അതീവ ഗുരുതരമായ ആരോപണമാണ് നിരന്തരം ഉയര്ന്ന് വരുന്നതെന്നും വിഷയത്തില് കോണ്ഗ്രസ് നേതൃത്വം ഒളിച്ചുകളിക്കുകയാണ് എന്നും വി ശിവന്കുട്ടി പറഞ്ഞു. രാഹുല് മാങ്കൂട്ടത്തില് വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചുവെന്നും സ്ത്രീത്വത്തിന് നേരെയുണ്ടായ കടന്നുകയറ്റമാണ് അതെന്നും മന്ത്രി പറഞ്ഞു. സസ്പെന്ഷന് വെറും നാടകമാണെന്നും കോണ്ഗ്രസ് നേതൃത്വം രാഹുല് മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുകയാണെന്നും ശിവന്കുട്ടി കുറ്റപ്പെടുത്തി.
'രാഹുല് മാങ്കൂട്ടത്തിലിനെ കോണ്ഗ്രസ് നേതൃത്വം സംരക്ഷിക്കുകയാണ്. സ്ത്രീകളോടും വോട്ടര്മാരോടുമുളള വെല്ലുവിളിയാണത്. കോണ്ഗ്രസിന്റെ അധാര്മിക രാഷ്ട്രീയമാണ് വെളിവാകുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില് നിന്ന് രാഹുല് മാറാതെ നില്ക്കുന്നത് എല്ഡിഎഫിന് ഗുണമാണ്', വി ശിവന്കുട്ടി പറഞ്ഞു. രാഹുല് മാങ്കൂട്ടത്തില് എംഎല്എ സ്ഥാനം രാജിവെക്കണമെന്ന് പാര്ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും അത് അയാളും കോണ്ഗ്രസും തീരുമാനിക്കേണ്ട കാര്യമാണെന്നും ശിവന്കുട്ടി പറഞ്ഞു. ശാസ്ത്ര വേദിയില് രാഹുലിനൊപ്പം വേദി പങ്കിട്ടുവെന്നത് ശരിയാണെന്നും കുട്ടികളെ ഓര്ത്താണ് അന്ന് ഇറങ്ങി പോകാതിരുന്നതെന്നും ശിവന്കുട്ടി കൂട്ടിച്ചേര്ത്തു.
രാഹുല് മാങ്കൂട്ടത്തില് ഗർഭഛിദ്രത്തിന് യുവതിയെ നിര്ബന്ധിക്കുന്നതും അസഭ്യം പറയുന്നതുമായ ഫോണ് സംഭാഷണമാണ് പുറത്തുവന്നത്. നമുക്ക് കുഞ്ഞ് വേണമെന്നാണ് രാഹുല് പെണ്കുട്ടിയോട് വാട്സ്ആപ്പിലൂടെ ആവശ്യപ്പെടുന്നത്. എനിക്ക് നിന്നെ ഗര്ഭിണിയാക്കണമെന്നും രാഹുല് നിർബന്ധിക്കുന്നു. ലെെംഗികാരോപണത്തിൽ നടപടി നേരിട്ട് യൂത്ത് കോണ്ഗ്രസ് അധ്യക്ഷസ്ഥാനം അടക്കം രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് രാഹുലിന് കുരുക്കായി വീണ്ടും ശബ്ദരേഖ പുറത്തുവന്നത്.
ഇത് നിഷേധിക്കുന്ന പെണ്കുട്ടിയെ ഗര്ഭധാരണത്തിന് രാഹുല് പ്രേരിപ്പിക്കുകയായിരുന്നു. ഗര്ഭധാരണത്തിന് ശേഷം താൻ നേരിടുന്ന ഗുരുതര ശാരീരിക മാനസിക അവശതകള് പങ്കുവെക്കുന്ന യുവതിയെ രാഹുൽ അസഭ്യം പറയുന്നതും ശബ്ദരേഖയിലുണ്ട്. യുവതി നാടകം കളിക്കുകയാണെന്നും അയാൾ പറയുന്നുണ്ട്. എല്ലാം തീരുമാനിച്ചത് രാഹുൽ അല്ലേ എന്നും അവസാന മൊമന്റില് എന്തുകൊണ്ടാണ് പിന്മാറുന്നതെന്നും യുവതി ചോദിക്കുമ്പോൾ രാഹുൽ വ്യക്തമായ ഉത്തരം നൽകുന്നില്ല.
സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് യുവതി. മുഖ്യമന്ത്രിക്ക് പരാതി നല്കും. തെളിവുകള് മുഖ്യമന്ത്രിക്ക് കൈമാറാനാണ് യുവതിയുടെ തീരുമാനം. ഗുരുതര ശബ്ദ സംഭാഷണങ്ങൾ പുറത്ത് വന്നിട്ടും രാഹുലിന്റെ ഭാഗത്ത് നിന്ന് ഭീഷണിയും അധിക്ഷേപവും തുടരുന്ന സാഹചര്യത്തിലാണ് നീക്കം.
Content Highlights: Congress leadership is protecting Rahul Mamkoottathil, suspension is just a drama': V Sivankutty