ഒളിവിൽ കഴിയാൻ സഹായം ലഭിച്ചുവെന്ന് സവാദിൻ്റെ മൊഴി; അധ്യാപകൻ്റെ കൈവെട്ടിയ കേസിൽ അന്വേഷണം ശക്തമാക്കി എൻഐഎ

കണ്ണൂരിൽ നാല് വർഷമാണ് സവാദ് ഒളിവിൽ കഴിഞ്ഞിരുന്നത്

കൊച്ചി: മുവാറ്റുപുഴയിൽ അധ്യാപകൻ്റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ. മുഖ്യപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കേന്ദ്രീകരിച്ച് എൻഐഎ അന്വേഷണം നടത്തും. ആക്രമണം നടത്തിയതിന് ശേഷം 14 വർഷം സവാദ് ഒളിവിലായിരുന്നു. സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കളാണെന്ന് സവാദ് മൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് എൻഐഎ കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുന്നത്.

സവാദ് ഒളിവിൽ കഴിഞ്ഞത് ദിണ്ടിഗൽ, ചെന്നൈ, കണ്ണൂർ എന്നിവിടങ്ങളിലാണ്. കണ്ണൂരിലും സവാദിന് ഒളിവിൽ കഴിയാൻ സഹായം ലഭിച്ചെന്നും അതിനാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നുമാണ് എൻഐഎ കോടതിയെ അറിയിച്ചു. സവാദിന്‍റെ വിചാരണ വൈകിപ്പിക്കാനുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ മനഃപ്പൂർവമായ നീക്കമാണിതെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കണ്ണൂരിൽ നാല് വർഷമാണ് സവാദ് ഒളിവിൽ കഴിഞ്ഞിരുന്നത്. സവാദിനെ ഒളിവിൽ കഴിയാൻ സഹായം നൽകിയ ആളെ എൻഐഎ അറസ്റ്റ് ചെയ്യുകയും അമ്പത്തിയഞ്ചാം പ്രതിയാക്കി കേസിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഒളിവിൽ കഴിയാൻ സഹായിച്ചവർക്ക് കൈവെട്ട് കേസിൻ്റെ ഗൂഡലോചനയിൽ പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും എൻഐഎ പറഞ്ഞു. 14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024 ലാണ് പിടികൂടിയത്.

2019ലാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫ് ആക്രമിക്കപ്പെട്ടത്. മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. കേസിലെ 19 പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.

Content Highlight : NIA tightens investigation into teacher's hand amputation case

To advertise here,contact us