കൊച്ചി: പങ്കാളിയെ ക്രൂരമായി മര്ദ്ദിച്ച യുവമോര്ച്ച നേതാവ് ഗോപു പരമശിവനെതിരെ കൂടുതല് പരാതി. കബളിപ്പിച്ച് പണം തട്ടിയതായി ബിജെപി കാള് സെന്റര് മുന് ജീവനക്കാരി ആരോപിച്ചു. ഇത് സംബന്ധിച്ച് നേതൃത്വത്തിന് പരാതി നല്കിയിട്ടും നടപടി ഉണ്ടായില്ലെന്നും പരാതി നല്കിയതോടെ കാള് സെന്ററിലെ ജോലി നഷ്ടപ്പെട്ടെന്നും യുവതി ആരോപിച്ചു.
അതിനിടെ ഗോപു പരമശിവനെ പ്രാഥമിക അംഗത്വത്തില് നിന്നും ബിജെപി പുറത്താക്കി. ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖറിന്റേതാണ് നടപടി. നിലവില് ഗോപു പരമശിവന് കസ്റ്റഡിയിലാണ്.
മൊബൈല് ചാര്ജര് ഉപയോഗിച്ചായിരുന്നു ഗോപു പരമശിവന് പങ്കാളിയെ ക്രൂരമായി മര്ദ്ദിച്ചത്. ദേഹം മുഴുവന് മര്ദ്ദനമേറ്റ പാടുകളുമായി യുവതി മരട് സ്റ്റേഷനില് എത്തുകയായിരുന്നു. അഞ്ച് വര്ഷമായി യുവതിയും ഗോപു പരമശിവനും ലിവിങ് റിലേഷനിലായിരുന്നു. ഇക്കാലയളവിലെല്ലാം ഇയാള് യുവതിയെ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നാണ് വിവരം. പീഡനം സഹിക്കാനാകാതെ ഇന്നലെ പെണ്കുട്ടി വീട് വിട്ടിറങ്ങി. തുടര്ന്ന് ഗോപു പൊലീസ് സ്റ്റേഷനില് പരാതി നല്കിയതോടെ പൊലീസ് പെണ്കുട്ടിയെ ബന്ധപ്പെടുകയും ഹാജരാകാന് ആവശ്യപ്പെടുകയുമായിരുന്നു. സ്റ്റേഷനിലെത്തിയ യുവതി ഇവിടെവച്ച് ശരീരത്തിലേറ്റ പരിക്കുകള് വെളിപ്പെടുത്തുകയായിരുന്നു.
Content Highlights: More complaints against Yuva Morcha leader Gopu Paramashivan bjp expells