കൊച്ചി: വിവാഹദിനമുണ്ടായ അപകടത്തില് പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ വിജയകരം. നട്ടെല്ലിനായിരുന്നു ആവണിക്ക് സാരമായി പരിക്കേറ്റത്. രാവിലെ 9.30 ന് ആരംഭിച്ച ശസ്ത്രക്രിയ 12 മണിക്കാണ് അവസാനിച്ചത്. ഞരമ്പിനേറ്റ ക്ഷതവും പരിഹരിച്ചു. നിലവില് കൊച്ചിയിലെ വിപിഎ ലേക്ഷോര് ആശുപത്രിയിലാണ് ആവണി ചികിത്സയിലുള്ളത്. വിവാഹ സമ്മാനമെന്ന നിലയില് ആവണിയുടെ ചികിത്സ ആശുപത്രി അധികൃതര് സൗജന്യമാക്കിയിട്ടുണ്ട്.
ചേര്ത്തല ബിഷപ് മൂര് സ്കൂള് അധ്യാപികയായ ആവണിയും ചേര്ത്തല കെവിഎം എന്ജിനീയറിംഗ് കോളേജ് അസിസ്റ്റന്റ് പൊഫസറുമായ ഷാരോണും തമ്മില് ഇന്നലെയായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തില് ഇന്നലെ ഉച്ചയ്ക്ക് 12.12നും 12.25നും മധ്യേയായിരുന്നു മുഹൂര്ത്തം. തണ്ണീര്മുക്കത്തുള്ള ബ്യൂട്ടീഷന്റെ അടുത്തുപോയി മടങ്ങുംവഴി ആവണി സഞ്ചരിച്ച വാഹനം അപകടത്തില്പ്പെടുകയായിരുന്നു. ആവണിക്ക് നട്ടെല്ലിനും കാലിനും കൈക്കുമാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്ക്കും പരിക്കേറ്റിരുന്നു.
ആദ്യം കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയിലാണ് ആവണിയെ പ്രവേശിപ്പിച്ചത്. പിന്നീട് വിപിഎസ് ലേക്ഷോര് ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരമറിഞ്ഞ് ബന്ധുക്കള് ആശുപത്രിയിലേക്ക് എത്തി. വിവാഹം മാറ്റിവെയ്ക്കണമെന്ന അഭിപ്രായം ഉയര്ന്നെങ്കിലും ആവണിക്ക് കാര്യമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്മാര് അറിയിച്ചതോടെ ആശുപത്രിയില്വെച്ചുതന്നെ താലികെട്ടാന് തീരുമാനിക്കുകയായിരുന്നു. ഇതോടെ ആശുപത്രി അധികൃതര് അതിനുള്ള ഒരുക്കങ്ങള് ചെയ്യുകയും ഷാരോണ് ആവണിക്ക് താലിചാര്ത്തുകയുമായിരുന്നു.
Content Highlights-Lakeshore hospital announce free treatment to avani who met accident yesterday