കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷനെതിരെ രൂക്ഷ വിമര്ശനവുമായി ഷാഫി പറമ്പില് എംപി. ശബരിമല കോഴിക്കോടായിരുന്നെങ്കില് കോര്പ്പറേഷന് പണ്ടേ മുഴുവന് സ്വര്ണവും അടിച്ച് മാറ്റിയേനേ എന്ന് ഷാഫി പറമ്പില് പറഞ്ഞു. ജനങ്ങള് നന്നാവണം. അതിനാണ് വോട്ടുചോദിക്കുന്നതെന്നും ഭരിക്കുന്നവരല്ല നന്നാവേണ്ടതെന്നും ഷാഫി പറമ്പില് പറഞ്ഞു. കോഴിക്കോട് നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല അയ്യപ്പന്റെ പൊന്ന് കക്കാന് സര്ക്കാര് നേതൃത്വം നല്കുമെന്ന് വോട്ടര്മാര് ആരും കരുതിക്കാണില്ലെന്നും പത്മകുമാറിനെതിരെ എന്ത് നടപടിയെടുക്കണമെന്ന് പോലും പാര്ട്ടി തീരുമാനിച്ചിട്ടില്ലെന്നും ഷാഫി പറമ്പില് പറഞ്ഞു. പല കേസുകളില് നിന്നും രക്ഷനേടാന് ആര്എസ്എസിനോട് സിപിഐഎം അടുക്കുകയാണെന്നും ചോദ്യംചെയ്താല് എല്ലാം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് നഗരത്തില് ഒരു വികസനവുമില്ലെന്നും അറബിക്കടലിലേക്ക് നോക്കി കോഴിക്കോട് ദുഃഖിച്ചിരിക്കുകയാണെന്നും സംവിധായകന് വി എം വിനു പറഞ്ഞു. ആരുടെയും മുഖത്ത് നോക്കി അന്ധമായി വോട്ട് ചെയ്യുന്ന രീതി ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കോര്പ്പറേഷനില് കോണ്ഗ്രസ് മേയര് സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ചത് വി എം വിനുവിനെയായിരുന്നു. വോട്ടര് പട്ടികയില് പേരില്ലാത്തതിനാല് വിനുവിന് മത്സരിക്കാന് സാധിക്കാതെ വരികയായിരുന്നു. ഇതോടെ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് കാളക്കണ്ടി ബൈജുവിനെ സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ചു.
Content Highlights: If Sabarimala was in Kozhikode, the corporation would have minted all the gold long ago: Shafi Parambil