തിരുവനന്തപുരം: എസ്ഐആറിലെ പുരോഗതികള് വിശദീകരിച്ച് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തന് ഖേല്ക്കര്. എസ്ഐആറുമായി ബന്ധപ്പെട്ട ഫോം വിതരണം ഗ്രാമപ്രദേശങ്ങളിലാണ് ബാക്കിയുള്ളതെന്നും ഇത് പൂര്ത്തീകരിക്കാനായി ആളുകള് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ലക്ഷത്തിലധികം ഫോമുകള് ഡിജിറ്റലൈസ് ചെയ്തെന്നും 97 ശതമാനത്തിലധികം ഫോമുകള് വിതരണം ചെയ്തെന്നും രത്തന് ഖേല്ക്കര് വാര്ത്താസമ്മേളനത്തില് വിശദമാക്കി. ഭരണഘടന അനുസരിച്ച് നിയോഗിക്കപ്പെട്ടവരാണ് ബിഎല്ഒമാര്. അവരെ നിയന്ത്രിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. നിയമം അനുസരിച്ചാണ് കമ്മീഷന് പ്രവര്ത്തിക്കുന്നതെന്നും രത്തന് ഖേല്ക്കര് പറഞ്ഞു.
'ബൂത്ത് ലെവല് ഓഫീസര്മാരാണ് എല്ലാത്തിനെക്കാളും പ്രധാനം. ബിഎല്ഒമാരുടെ പ്രവര്ത്തനം കൊണ്ടാണ് എസ്ഐആര് മുന്നോട്ട് പോകുന്നത്. എന്നാല് ചില ജില്ലകളില് ബിഎല്ഒമാരുടെ ജോലി തടസ്സപ്പെടുത്താന് ശ്രമം നടന്നു. അവര്ക്കെതിരായി ഉണ്ടായ പ്രചാരണങ്ങളാണ് ഇതിന് പിന്നില്. ബിഎല്ഒമാരുടെ ജോലി തടസപ്പെടുത്താന് ശ്രമിക്കുന്നവര്ക്കെതിരെ കര്ശന നടപടികള് ഉണ്ടാകും. ബിഎല്ഒമാരുടെ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്മാര്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്.' രത്തന് ഖേല്ക്കര് പറഞ്ഞു.
ശുദ്ധമായ വോട്ടര് പട്ടികയാണ് എസ്ഐആറിലൂടെ ലക്ഷ്യമിടുന്നതെന്നും ഖേൽക്കർ പറഞ്ഞു. ഇതിനായി ബിഎല്ഒമാരെ ജനങ്ങളും സഹായിക്കണം. എസ്ഐആറിന് പൊതു സമൂഹത്തിന്റെ പിന്തുണ അത്യാവശ്യമാണ്. ബിഎല്ഒമാര്ക്ക് പ്രയാസം ഉണ്ടെങ്കില് അത് പരിഹരിക്കും. സ്ഥലം അറിയാത്ത ബിഎല്ഒമാര് ഉണ്ടെങ്കില് അക്കാര്യം വില്ലേജ് ഓഫീസര്മാരെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂരിൽ ബിഎൽഒ ആയിരുന്ന അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കേരളത്തിലെ എസ്ഐആർ നടപ്പാക്കുന്നത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. എസ്ഐആർ ഫോമുമായി ബന്ധപ്പെട്ട് വലിയ മാനസിക സമ്മർദവും മറ്റ് അനവധി പ്രശ്നങ്ങളും അനുഭവിക്കുന്നു എന്ന് വെളിപ്പെടുത്തി നിരവധി ബിഎൽഒമാർ രംഗത്തെത്തിയിരുന്നു. ഫോമുമായി വീടുകളിൽ എത്തുമ്പോൾ ആളില്ലാത്തത് അടക്കമുള്ള പ്രശ്നങ്ങളാണ് ഇവർ മുന്നോട്ട് വച്ചത്. കൂടാതെ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകൾക്കുള്ള സംശയങ്ങളും ബിഎൽഒമാരെ വലയ്ക്കുന്ന മറ്റൊരു പ്രശ്നമാണ്. ഇതിന് പിന്നാലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രതികരണം.
നവംബർ പതിനാറിനാണ് അനീഷിനെ വീടിനുള്ളില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. പയ്യന്നൂര് മണ്ഡലം പതിനെന്നാം ബൂത്തിലെ ഓഫീസറായിരുന്നു അനീഷ് ജോര്ജ്. വീട്ടിലുള്ളവര് പള്ളിയില് പോയപ്പോഴായിരുന്നു സംഭവം. ജോലി സമ്മര്ദം മൂലം അനീഷ് ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ സിപിഐഎം നേതൃത്വത്തിനെതിരെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. കോണ്ഗ്രസ് ബൂത്ത് ഏജന്റിനെ കൂടെ കൂട്ടിയതിന് സിപിഐഎം ബിഎല്ഒയെ ഭീഷണിപ്പെടുത്തി. കള്ളപരാതി നല്കി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന്റെ ഫോണ് സംഭാഷണമുണ്ട്. ജോലി ഭാരവും സിപിഐഎമ്മിന്റെ ഭീഷണിയുമാണ് ആത്മഹത്യക്ക് കാരണം'എന്നാണ് സണ്ണി ജോസഫ് പറഞ്ഞത്.
Content Highlight; Rathan U. Kelkar Explains SIR Application Form at Press Meet