'പട്ടിക്കരയില്‍ കൃഷ്ണദാസ് സ്ഥാനാര്‍ത്ഥിയാകേണ്ട'; ആര്‍എസ്എസിന് പരാതി നല്‍കി കൃഷ്ണകുമാര്‍ പക്ഷം

കൃഷ്ണദാസ് മത്സരിക്കുന്നത് ആർക്കും താൽപര്യമില്ലെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യം

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പട്ടിക്കര സ്ഥാനാർത്ഥിയായ ബിജെപി സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസിനെതിരെ സി കൃഷ്ണകുമാർ പക്ഷം. പട്ടിക്കരയിൽ നിന്ന് സ്ഥാനാർത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസിന് പരാതി നൽകി. പട്ടിക്കര നിവാസികൾ എന്ന പേരിൽ 117 പേർ ഒപ്പിട്ട പരാതിയാണ് നൽകിയിരിക്കുന്നത്. ഇ കൃഷ്ണദാസ് മത്സരിക്കുന്നത് ആർക്കും താൽപര്യമില്ലെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് കൃഷ്ണദാസിനെ പാലക്കാട് മത്സരിപ്പിക്കാൻ തീരുമാനിച്ചത്.

എന്നാൽ പരാതി ഗൗരവത്തിൽ എടുക്കുന്നില്ലെന്നും മറുപടി പറയേണ്ടത് സംസ്ഥാന- ജില്ലാ അധ്യക്ഷന്മാരാണെന്നും കൃഷ്ണദാസ് പറഞ്ഞു. പാർട്ടിയാണ് ആരാണ് ചെയർമാൻ ആകേണ്ടതെന്നും മറ്റ് സ്ഥാനങ്ങൾ വഹിക്കേണ്ടതെന്നും തീരുമാനിക്കുന്നത്. താൻ മത്സരിക്കുന്നത് ചെയർമാൻ സ്ഥാനത്തേക്ക് അല്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

കഴിഞ്ഞ ഭരണസമിതിയിലെ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി സ്മിതേഷ് എന്നീ രണ്ട് പേർക്ക് മാത്രമാണ് പാലക്കാട് എതിർ വിഭാഗത്തിൽ നിന്ന് സീറ്റ് നൽകിയത്. കൃഷ്ണദാസ് വിജയിച്ചാൽ നഗരസഭ ചെയർമാൻ ആകാൻ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് വെട്ടാൻ നീക്കം നടക്കുന്നതെന്നാണ് വിവരം. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിൽ പ്രശ്‌നങ്ങൾ രൂക്ഷമാണ്.

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാറിനെതിരെ പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ ഗുരുതര വിമർശനവുമായി രംഗത്തെത്തിയിരുന്നു. കൃഷ്ണകുമാറിന്റെ നീക്കം സംഘടന പിടിക്കാനാണെന്നും ചെയർപേഴ്‌സൺ ആയിരുന്ന അവസാന കാലഘട്ടത്തിൽ ഒരു വിഭാഗം തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചെന്നും പ്രമീള ശശിധരൻ ആരോപിച്ചിരുന്നു. പാലക്കാട് നഗരസഭയിലെ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക ഏകപക്ഷീയമാണ്. സ്വന്തം വാർഡിലെ സ്ഥാനാർത്ഥിയെ താൻ അറിഞ്ഞത് വൈകിട്ടാണ്. തനിക്ക് അത് മാനസിക വിഷമം ഉണ്ടാക്കി. വിഷയത്തിൽ സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും പ്രമീള ശശിധരന്‍ പറഞ്ഞിരുന്നു. പ്രമീളയ്ക്ക് ഇത്തവണ മത്സരിക്കാൻ സീറ്റ് നൽകിയിട്ടില്ല.

Content Highlights: clash in palakkad bjp

To advertise here,contact us