ഒറ്റപ്പെടുത്തി ക്രൂശിച്ചു, സ്വന്തം വാർഡിലെ സ്ഥാനാർത്ഥിയെ അറിഞ്ഞത് വൈകി; കൃഷ്ണകുമാറിനെതിരെ പ്രമീള ശശിധരൻ

'സ്വന്തം വാർഡിലെ സ്ഥാനാർത്ഥിയെ താൻ അറിഞ്ഞത് വൈകീട്ട്, പാലക്കാട് നഗരസഭയിലെ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക ഏകപക്ഷീയം'

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിനിടെ പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാറിനെതിരെ പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ ഗുരുതര വിമർശനവുമായി രംഗത്തെത്തി. കൃഷ്ണകുമാറിന്റെ നീക്കം സംഘടന പിടിക്കാനാണെന്നും ചെയർപേഴ്‌സൺ ആയിരുന്ന അവസാന കാലഘട്ടത്തിൽ ഒരു വിഭാഗം തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചെന്നും പ്രമീള ശശിധരൻ പറഞ്ഞു.

പാലക്കാട് നഗരസഭയിലെ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക ഏകപക്ഷീയമാണ്. സ്വന്തം വാർഡിലെ സ്ഥാനാർത്ഥിയെ താൻ അറിഞ്ഞത് ഇന്നലെ വൈകീട്ടാണെന്നും തനിക്ക് അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും പ്രമീള ശശിധരൻ പറഞ്ഞു. വിഷയത്തിൽ സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

പാലക്കാട് നഗരസഭയിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കൃഷ്ണകുമാർ പക്ഷത്തിനാണ് മുൻതൂക്കം ലഭിച്ചതെന്ന വിമർശനം നിലനിൽക്കെയാണ് പ്രമീള ശശിധരനും പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. നഗരസഭയിലെ അധ്യക്ഷ പദവി വഹിക്കുന്ന പ്രമീള ശശിധരന് ഇത്തവണ സീറ്റ് നൽകിയിരുന്നില്ല.

പാലക്കാട് നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷയെയും ഉപാധ്യക്ഷനെയും അറിയിക്കാതെ സി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഇതോടെയാണ് പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറി പരസ്യമായത്.

പി ടി ഉഷ എംപിയെ പങ്കെടുപ്പിച്ച് നടത്തിയ രണ്ട് ഉദ്ഘാടന ചടങ്ങുകളിൽ സി കൃഷ്ണകുമാറും നഗരസഭ അംഗവും ഭാര്യയുമായ മിനി കൃഷ്ണകുമാറും ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനും ഏതാനും നേതാക്കളുമായിരുന്നു പങ്കെടുത്തിരുന്നത്.

ഇതിന് പിന്നാലെ വിഭാഗീയതയുടെ ഭാഗമായി സി കൃഷ്ണകുമാർ തങ്ങളെ പരിപാടികളിൽ നിന്ന് ഒഴിവാക്കുകയാണെന്ന് നഗരസഭ അധ്യക്ഷ ആരോപിക്കുകയുണ്ടായി. നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങൾപോലും വാർഡുകളിലെ പരിപാടികളിലേക്ക് ക്ഷണിക്കാറുണ്ടെന്നും കൃഷ്ണകുമാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി മനഃപൂർവ്വം മാറ്റിനിർത്തുകയാണെന്നും പ്രമീള ശശിധരൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു.

Content Highlights: clash in Palakkad BJP; Pramila Sasidharan against C Krishnakumar

To advertise here,contact us