സ്വര്‍ണ്ണപ്പാളിയുടെ പേരില്‍ സര്‍ക്കാറിന്റെ ഇമേജ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല: വെള്ളാപ്പള്ളി

തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാകില്ലെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിന്നാക്കക്കാര്‍ക്ക് പരിഗണനയും പരിരക്ഷയും ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നാമനിര്‍ദ്ദേശപത്രിക നല്‍കിയതില്‍ കൂടുതലും പിന്നാക്കകാരാണ്. ഭരിക്കാന്‍ മറ്റുള്ളവരും വോട്ട് ചെയ്യാന്‍ പിന്നാക്കക്കാരും എന്ന അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാകില്ല. സ്വര്‍ണ്ണപ്പാളി വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. സ്വര്‍ണ്ണപ്പാളിയുടെ പേരില്‍ സര്‍ക്കാറിന്റെ ഇമേജ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ജനങ്ങള്‍ അരി ആഹാരം കഴിച്ച് ജീവിക്കുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്‍ഡിഎ-ബിഡിജെഎസ് തര്‍ക്കത്തില്‍ പ്രതികരിച്ച വെള്ളാപ്പള്ളി രാഷ്ട്രീയമല്ലേ പരസ്പരം മത്സരങ്ങള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കി. സിപിഐഎമ്മും സിപിഐയും തമ്മില്‍ മത്സരങ്ങളില്ലേയെന്നും അദ്ദേഹം ചോദിച്ചു. സീറ്റ് കിട്ടാത്തതിന്റെ പേരില്‍ ജീവനൊടുക്കുന്നത് വളരെ മോശമാണെന്ന് ആനന്ദ് തിരുമലയുടെ ആത്മഹത്യയില്‍ പ്രതികരിച്ചുകൊണ്ട് വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

അരൂരിലെ ഗര്‍ഡര്‍ അപകടത്തില്‍ ശ്രദ്ധക്കുറവുണ്ടായി. ആരുടെയോ പിന്‍ബലം ഉള്ളത് കൊണ്ട് കരാറുകാരന് ധാര്‍ഷ്ഠ്യ സമീപനമാണ്. ടാക്‌സ് അടച്ച് ഓടുന്ന വാഹനങ്ങള്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ പറ്റുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Content Highlights: Vellappally said he is happy that backward classes have been given consideration to contest in local body polls

To advertise here,contact us