കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില് നേരിട്ട് മത്സരിക്കാനിറങ്ങുമെന്ന സൂചനയുമായി മുനമ്പം സമരസമിതി. തെരഞ്ഞെടുപ്പിന് മുമ്പ് പരിഹാരമായില്ലെങ്കില് മൂന്ന് മുന്നണിക്കും വോട്ടില്ലെന്ന് മുനമ്പം സമരസമിതി പറഞ്ഞു. വേണ്ടി വന്നാല് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും ഇടവക വികാരി ആന്റണി സേവ്യര് കളത്തില് റിപ്പോര്ട്ടറിനോട് പറഞ്ഞു.
'400 ദിവസമായി നിരാഹാരസമരം ഇരുന്നിട്ടും പരിഹാരമായില്ല. ആര്ക്കുവേണ്ടി, എന്തിന് വേണ്ടി വോട്ട് ചെയ്യണമെന്ന ചോദ്യചിഹ്നം എല്ലാവരുടെയും മനസിലുണ്ട്. കഴിഞ്ഞ വര്ഷം ക്രിസ്മസ് ആഘോഷിച്ചത് നിരാഹാരത്തിലാണ്. ഈ ക്രിസ്മസിന് മുമ്പ് തന്നെ പരിഹാരമുണ്ടാകുമെന്ന് പ്രതീഷിക്കുന്നു. ഹൈക്കോടതി വിധി വന്നിട്ടും പിന്തുണക്കുകയല്ലാതെ മൂന്ന് മുന്നണികളും പ്രശ്ന പരിഹാരത്തിനുള്ള തീരുമാനം എടുത്തില്ല. ഞങ്ങളുടെ കൂടെയാരാണുള്ളത്? തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന് സാധിക്കും. ഞങ്ങളുടെ സ്ഥാനാര്ത്ഥിയെ നിര്ത്തണോയെന്ന കാര്യവും ആലോചനയിലുണ്ട്', ആന്റണി സേവ്യര് പറഞ്ഞു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില് മുനമ്പം ഭൂസംരക്ഷണ സമിതിയെ കൂടെ നിര്ത്താന് തീരുമാനിച്ചിരിക്കുകയാണ് യുഡിഎഫ്. സമരസമിതി കണ്വീനറെ യുഡിഎഫ് സ്ഥാനാര്ത്ഥിയാക്കും. സമരസമിതി കണ്വീനര് ജോസഫ് ബെന്നിയാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. വൈപ്പിന് പഞ്ചായത്ത് മുനമ്പം ഡിവിഷനിലായിരിക്കും മത്സരിക്കുക. വോട്ട് ബഹിഷ്കരിക്കുമെന്ന സമരസമിതിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് യുഡിഎഫ് നീക്കം.
Content Highlights: Local Body Election Munambam Strike Committee may be compete