ബിഎല്‍ഒയുടെ മരണം; എസ്‌ഐആറുമായി ബന്ധമില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

കൂടുതല്‍ അന്വേഷണം തുടരുമെന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

കണ്ണൂര്‍: കഴിഞ്ഞ ദിവസം ബിഎല്‍ഒ ജീവനൊടുക്കിയ സംഭവത്തിന് എസ്‌ഐആറുമായി ബന്ധമില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി. പ്രാഥമിക റിപ്പോര്‍ട്ടാണ് ജില്ലാ കളക്ടര്‍ നല്‍കിയത്. പൊലീസ് അന്വേഷണത്തിലെ വിവരങ്ങളാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. കൂടുതല്‍ അന്വേഷണം തുടരുമെന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പയ്യന്നൂര്‍ മണ്ഡലം പതിനെന്നാം ബൂത്തിലെ ഓഫീസറായിരുന്ന അനീഷ് ജോര്‍ജിനെ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയപ്പോഴായിരുന്നു സംഭവം. ജോലി സമ്മര്‍ദം മൂലം അനീഷ് ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം മുതല്‍ പുറത്തുവന്ന വിവരം.

എന്നാല്‍ എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎല്‍ഒയുടെ മരണവും തമ്മില്‍ വ്യക്തമായ ബന്ധമില്ലെന്ന് കളക്ടര്‍ അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട് അനീഷ് ജോര്‍ജിന് സമ്മര്‍ദം ഉണ്ടാക്കിയിട്ടില്ലെന്നും സംഭവ ദിവസമോ അതിനു മുന്‍പോ ഒരു ഉദ്യോഗസ്ഥനെയും സമ്മര്‍ദം ചെലുത്തുകയോ ഭീഷണിപ്പെടുത്തുന്ന സ്വഭാവമുളള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. വ്യക്തിപരമായ സമ്മര്‍ദത്തിനുളള സാധ്യത പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അന്വേഷണം തുടരുകയാണെന്നും കളക്ടറുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തിയിരുന്നു. കര്‍മമേഖലയില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചയാളാണ് അനീഷെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. കമ്മീഷന്റെ ഏറ്റവും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവരാണ് ബിഎല്‍ഒമാരെന്നും തികഞ്ഞ ഏകീകരണത്തോടെയാണ് തെരഞ്ഞെടുപ്പ് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഒരു ഉദ്യോഗസ്ഥനും പ്രയാസം നേരിടരുതെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Content Highlights: District Collector's report says BLO's death had no connection with SIR

To advertise here,contact us