ഭക്ഷണം എടുത്തുവെയ്ക്കാൻ താമസിച്ചു; ഭാര്യയുടെ തല ചുമരിൽ ഇടിച്ച് പരിക്കേൽപ്പിച്ച് ഭർത്താവ്; അറസ്റ്റിൽ

ഒരു മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഭര്‍തൃവീട്ടില്‍ യുവതി നേരിട്ടത് കടുത്ത മാനസിക, ശാരീരിക പീഡനം. ആനമങ്ങാട് ആണ് സംഭവം. പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ഷഹീന്‍ ആണ് ഭാര്യയെ ക്രൂരമായി ആക്രമിച്ചത്. ഭക്ഷണം എടുത്തുവെയ്ക്കാന്‍ വൈകിയതിനടക്കം ഇയാള്‍ ഭാര്യയെ മര്‍ദിച്ചിരുന്നു. യുവതിയുടെ തല ചുമരില്‍ ഇടിച്ചും മുഖത്തും കഴുത്തിലും അടിച്ചും ഇയാള്‍ പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ മുഹമ്മദ് ഷഹീനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രണയത്തിലായിരുന്ന ഇരുവരും ഒരു മാസം മുന്‍പായിരുന്നു വിവാഹിതരായത്. വിവാഹം കഴിഞ്ഞതുമുതല്‍ ഭര്‍ത്താവില്‍ നിന്ന് കടുത്ത പീഡനമാണ് യുവതി നേരിട്ടത്. ഭക്ഷണം നല്‍കാന്‍ താമസിച്ചുവെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം ആക്രമിച്ചത്. തല ചുമരില്‍ ഇടിച്ചതിനെ തുടര്‍ന്ന് സാരമായി പരിക്കേറ്റ യുവതി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

വിവാഹം കഴിഞ്ഞതിന് പിന്നാലെ ഭര്‍തൃവീട്ടില്‍ നിന്ന് നിരന്തരം മാനസിക, ശാരീരിക പീഡനം നേരിട്ടതായാണ് യുവതി പൊലീസിനോട് പറഞ്ഞത്. വീട്ടുകാര്‍ നല്‍കിയ 15 പവനോളം സ്വര്‍ണം യുവാവ് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതായും യുവതി പൊലീസിനോട് പറഞ്ഞിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പൊലീസ് കേസെടുത്തു. തുടര്‍ന്നായിരുന്നു യുവാവിന്റെ അറസ്റ്റ്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ജിംനേഷ്യം പരിശീലകനാണ് പ്രതി.

Content Highlights- Man arrested for attack wife in perinthalmanna

To advertise here,contact us