മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് തര്ക്കത്തെ തുടര്ന്ന് മലപ്പുറത്ത് മുസ്ലിം ലീഗില് കൂട്ടയടി. വേങ്ങരയിലാണ് പ്രവര്ത്തകര് തമ്മില് കയ്യാങ്കളിയിലെത്തിയത്. വേങ്ങര കച്ചേരിപ്പടി 20ാം വാര്ഡിലെ ലീഗ് സ്ഥാനാര്ത്ഥിയെ ചൊല്ലിയാണ് തര്ക്കം. ഒടുവില് സ്ഥാനാര്ഥിയെ പ്രഖ്യാപിക്കാതെ യോഗം അടിച്ചു പിരിയുകയായിരുന്നു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റായ പറമ്പില് ഖാദര് സ്ഥാനാര്ത്ഥിയാകണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. മുന് വാര്ഡ് മെമ്പറായ സി പി ഖാദര് മതിയെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ ആവശ്യം. ഈ തര്ക്കമാണ് കൂട്ട അടിയിയില് കലാശിച്ചത്. കയ്യാങ്കളിയുടെ ദൃശ്യങ്ങള് റിപ്പോര്ട്ടറിന് ലഭിച്ചു.
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര് ഒമ്പതിനും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് 11നും നടക്കും. ആദ്യ ഘട്ടത്തില് തിരുവനന്തപുരം മുതല് എറണാകുളം വരെയുള്ള ജില്ലകളിലും രണ്ടാം ഘട്ടത്തില് തൃശൂര് മുതല് കാസര്കോട് വരെയുള്ള ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കും. ഡിസംബര് 13ന് വോട്ടെണ്ണല് നടക്കും.
Content Highlights: Local Body Polls dispute in Muslim League in Malappuram