തിരുവനന്തപുരം: വര്ക്കലയിലെ സ്വകാര്യ റിസോര്ട്ടിലെ നീന്തല് കുളത്തില് യുവാവ് മരിച്ച നിലയില്. തമിഴ്നാട് കൊടൈക്കനാലില് നിന്നെത്തിയ ദാവൂദ് ഇബ്രാഹിം(25) ആണ് മരിച്ചത്. കൊടൈക്കനാലില് നിന്നെത്തിയ 37 ഓളം പേര് അടങ്ങുന്ന സംഘമാണ് വര്ക്കലയില് എത്തിയത്.
നീന്തല് കുളത്തില് കുളിക്കുന്നതിനിടെ സുഹൃത്തുക്കള് ചേര്ന്ന് മത്സരം നടത്തി. കൂടുതല് നേരം വെള്ളത്തിനടിയില് ആരാണ് മുങ്ങിക്കിടക്കുന്നത് എന്ന് കണ്ടെത്തുന്ന മത്സരമാണ് നടത്തിയത്. ദാവൂദ് വെള്ളത്തില് മുങ്ങിയ ശേഷം അബോധവസ്ഥയില് കാണുകയായിരുന്നുവെന്നാണ് വിവരം.
അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളത്തിനടിയില് എന്താണ് സംഭവിച്ചത് എന്ന കാര്യത്തില് വ്യക്തതയില്ല. സംഭവത്തില് വര്ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് കൂടി പരിശോധിച്ചാലേ കൂടുതല് വിവരങ്ങള് വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
Content Highlights: Kodaikanal Native Dies in Varkala Resort Pool Accident