'16 വർഷത്തെ രാഷ്ട്രീയ ഭാവിയെ നിഷ്‌കരുണം ചവിട്ടി തേച്ചു'; രാജിവെച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

വിൻസെൻ്റ് എംഎൽഎയുടെ നാണംകെട്ട രാഷ്ട്രീയ കളികള്‍ പുറത്തുകൊണ്ടുവരുവാന്‍ വരും ദിവസങ്ങളില്‍ തെരുവുകളിലും സോഷ്യല്‍ മീഡിയയിലും ഒരു തീപ്പന്തമായി ഉണ്ടാകുമെന്ന് ഹിസാന്‍

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജിവച്ചു. എന്‍ എച്ച് ഹിസാന്‍ ഹുസൈനാണ് രാജിവെച്ചത്. താന്‍ രാജിവെക്കുന്നതായി ഹിസാന്‍ ഹുസൈന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എം വിന്‍സെന്റ് എംഎല്‍എയ്‌ക്കെതിരെയും രാജിയില്‍ പരാതി ഉന്നയിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് അയച്ച കത്ത് ഹിസാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

കോവളം മണ്ഡലത്തെ നശിപ്പിക്കുന്ന തരത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ മാത്രമല്ല ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് എന്ന യുവജന സംഘടനയെയും എം വിൻസെൻ്റ് നശിപ്പിക്കുന്നു എന്ന ഗുരുതര ആരോപണം ഹിസാൻ ഹുസൈൻ ഉന്നയിച്ചിട്ടുണ്ട്. തന്റെ പെട്ടി ചുമക്കുന്ന അര്‍ഹതയില്ലാത്ത രാഷ്ട്രീയ അടിമകളെ പാര്‍ട്ടിയുടെയും യുവജന സംഘടനകളുടെയും ഉന്നത സ്ഥാനങ്ങളില്‍ തിരുകി കയറ്റി തിരുവനന്തപുരത്തെ ഒരേ ഒരു കോണ്‍ഗ്രസ് എംഎല്‍എ എന്ന അധികാരം എം വിൻസെൻ്റ് ദുര്‍വിനിയോഗിക്കുകയും സംഘടനയെ ദുർബലമാക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തുന്നുണ്ട്. വിന്‍സെന്റ് നടത്തിവരുന്ന സംഘടനയെ ദുര്‍ബലമാക്കുന്ന പ്രവര്‍ത്തനങ്ങളെ പാര്‍ട്ടി വേദികളില്‍ വിമര്‍ശിക്കുന്നവരോട് വളരെയധികം വൈരാഗ്യത്തോടെയാണ് എംഎൽഎ പ്രതികരിക്കുന്നതെന്നും ഹിസാൻ ഹുസൈൻ ആരോപിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ സംഘടന തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ചവരെ പോലും എംഎല്‍എയുടെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് പാര്‍ട്ടി പരിപാടികളില്‍ ഒറ്റപ്പെടുത്തുകയും യോഗങ്ങള്‍ അറിയിക്കാതിരിക്കുകയും വേദികളില്‍ അവഗണിക്കുകയും ചെയ്യുന്നതിനെതിരെയാണ് പ്രതിഷേധ രാജിയെന്നും രാജിക്കത്തില്‍ ഹിസാൻ ഹുസൈൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

തന്റെ 16 വര്‍ഷത്തെ രാഷ്ട്രീയ ഭാവിയെ നിഷ്‌കരുണം ചവിട്ടി തേച്ച എംഎല്‍എയോട് തോറ്റ് പുറത്തായി വീട്ടിലിരിക്കാന്‍ മാത്രം താന്‍ ഭീരുവല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ നാണംകെട്ട രാഷ്ട്രീയ കളികള്‍ പുറത്തുകൊണ്ടുവരുവാന്‍ വരും ദിവസങ്ങളില്‍ തെരുവുകളിലും സോഷ്യല്‍ മീഡിയയിലും ഒരു തീപ്പന്തമായി താനും ഉണ്ടാകുമെന്ന് ഹിസാന്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഞാന്‍, കഴിഞ്ഞ 16 വര്‍ഷക്കാലമായി കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനും നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമാണ്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി, കോവളം നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി, വിഴിഞ്ഞ മണ്ഡലം പ്രസിഡന്റ്, ടൗണ്‍ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് അങ്ങനെ വിവിധ നേതൃസ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള വ്യക്തിയാണ്.

വളരെ ദുഃഖത്തോടു കൂടി ഞാന്‍ ഈ പ്രസ്ഥാനത്തില്‍ നിന്നും പ്രാഥമിക അംഗത്വം ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാനമാനങ്ങളില്‍ നിന്നും ഈ നിമിഷം മുതല്‍ രാജിവെക്കുകയാണെന്ന് അറിയിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്നോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി നാളിതുവരെ സഹകരിച്ച എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നല്ലവരായ എന്റെ നാട്ടുകാര്‍ക്കും ഈ അവസരത്തില്‍ വിനീതനായി ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ മാത്രമല്ല ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് എന്ന യുവജന സംഘടനയെയും കോവളം മണ്ഡലത്തില്‍ നശിപ്പിക്കുന്ന തരത്തില്‍ അര്‍ഹതയില്ലാത്ത തന്റെ പെട്ടി ചുമക്കുന്ന രാഷ്ട്രീയ അടിമകളെ പാര്‍ട്ടിയുടെയും യുവജന സംഘടനകളുടെയും ഉന്നത സ്ഥാനങ്ങളില്‍ തിരുകി കയറ്റി തിരുവനന്തപുരത്തെ ഒരേ ഒരു കോണ്‍ഗ്രസ് എംഎല്‍എ എന്ന അധികാരം ദുര്‍വിനിയോഗിച്ചുകൊണ്ട് വിന്‍സെന്റ് നടത്തിവരുന്ന സംഘടനയെ ദുര്‍ബലമാക്കുന്ന പ്രവര്‍ത്തനങ്ങളെ പാര്‍ട്ടി വേദികളില്‍ വിമര്‍ശിക്കുന്നവരോട് വളരെയധികം വൈരാഗ്യപൂര്‍വ്വമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നത്.

യൂത്ത് കോണ്‍ഗ്രസിന്റെ സംഘടന തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ചവരെ പോലും എംഎല്‍എയുടെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് പാര്‍ട്ടി പരിപാടികളില്‍ ഒറ്റപ്പെടുത്തുകയും യോഗങ്ങള്‍ അറിയിക്കാതിരിക്കുകയും വേദികളില്‍ അവഗണിക്കുകയും ചെയ്യുന്നതിനെതിരെയാണ് എന്റെ ഈ പ്രതിഷേധ രാജി. കഴിഞ്ഞ കാലങ്ങളിലായി മണ്ഡലത്തിലെ കല്ലിയൂര്‍, ഹാര്‍ബര്‍ മേഖലകളില്‍ നിന്ന് പ്രധാനപ്പെട്ട നേതാക്കള്‍ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇദ്ദേഹത്തിന്റെ കപട രാഷ്ട്രീയത്തില്‍ മനസ്സുമടുത്ത് കമ്മ്യൂണിസ്റ്റ്, കേരള കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലേക്ക് ചേക്കേറിയിരിക്കുന്നത്. നിരവധിയായ പാര്‍ട്ടി വേദികളില്‍ ഞാന്‍ ഈ വിഷയം ഗൗരവപൂര്‍വ്വം അവതരിപ്പിച്ചപ്പോള്‍ അതിനെ അവഗണിച്ച പാര്‍ട്ടി ഉന്നത നേതാക്കള്‍ക്കും ഇന്ന് കോവളത്തെ പാര്‍ട്ടി എത്തി ചേര്‍ന്നിരിക്കുന്ന ഈ ദുരവസ്ഥയുടെ പങ്ക് ഞാന്‍ പകുത്തു നല്‍കുന്നു.

എന്നെ സ്‌നേഹിക്കുന്നവരോടായി അവസാനമായി പറഞ്ഞുകൊള്ളട്ടെ, കേരളത്തിന്റെ പുതിയ കവാടമായി മാറുന്ന വിഴിഞ്ഞത്തെ കടല്‍ തീരത്ത് ഒരു പിന്നോക്ക സമുദായത്തില്‍ പിറന്ന് എന്റെ ആത്മാര്‍ത്ഥതയും സംഘടനാ ബോധവും യുവത്വവും കഠിനാധ്വാനം കൊണ്ട് ഞാന്‍ പടുത്തുയര്‍ത്തിയ എന്റെ 16 വര്‍ഷത്തെ രാഷ്ട്രീയ ഭാവിയെ നിഷ്‌കരുണം ചവിട്ടി തേച്ച എംഎല്‍എയോട് തോറ്റ് പുറത്തായി വീട്ടിലിരിക്കുവാന്‍ മാത്രം ഞാന്‍ ഭീരു ആയി തീര്‍ന്നിട്ടില്ല. ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ നാണംകെട്ട രാഷ്ട്രീയ കളികള്‍ പുറത്തുകൊണ്ടുവരുവാന്‍ വരും ദിവസങ്ങളില്‍ തെരുവുകളിലും സോഷ്യല്‍ മീഡിയയിലും ഒരു തീപ്പന്തമായി ഞാനും ഉണ്ടാകും.

നന്ദി

Content Highlights: Youth Congress State Secretary resigned after complaining Vincent MLA

To advertise here,contact us