ചെങ്കോട്ട സ്‌ഫോടനം; കേരളത്തിലും ജാഗ്രതാ നിർദേശം

ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണമെന്ന് നിർദേശം

തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. ഡിജിപിയാണ് നിർദേശം നൽകിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദേശം നൽകി.

ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വേണം. ജില്ലാ പൊലീസ് മേധാവിമാർ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്. സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ 112ൽ വിളിക്കണമെന്ന് പൊലീസ് അറിയിച്ചു.

ചെങ്കോട്ടയ്ക്ക് സമീപം നിർത്തിയിട്ട വാഹനത്തിലുണ്ടായ സ്‌ഫോടനത്തിൽ മരണനിരക്ക് ഉയരുന്നതായാണ് റിപ്പോർട്ടുകൾ. എട്ട് പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈകീട്ട് 6.55 ഓടെയായിരുന്നു സ്‌ഫോടനം. നിർത്തിയിട്ടിരുന്ന മാരുതി ഈക്കോ വാൻ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ഉഗ്ര സ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഇരുപതോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. എൻഎസ്ജി ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. ദില്ലിയിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊലീസ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

പരിക്കേറ്റവരെ ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഭീകരാക്രമണമാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. എൻഐഎയും സ്ഥലത്തെത്തിയിട്ടുണ്ട്. ശക്തിയേറിയ സ്‌ഫോടനമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള സ്‌ഫോടനമാണോ എന്ന് പരിശോധിക്കുകയാണ്. സംഭവ സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഡൽഹിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡൽഹി സ്‌ഫോടനത്തിൻറെ പശ്ചാത്തലത്തിൽ മുംബൈയിലും അതീവ ജാഗ്രത പുലർത്തുന്നുണ്ട്.

Content Highlights: Red Fort incident ; Alert issued in Kerala

To advertise here,contact us