പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട് സിപിഐഎം ജനപ്രതിനിധിയും

അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് സംഭവം

പാലക്കാട്: പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം വേദി പങ്കിട്ട് സിപിഐഎം ജനപ്രതിനിധിയും. കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലതയാണ് രാഹുല്‍ മാങ്കൂട്ടിൽ എംഎല്‍എയ്‌ക്കൊപ്പം വേദി പങ്കിട്ടത്. അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ മോണിറ്ററിങ് കമ്മിറ്റി യോഗത്തിലായിരുന്നും രാഹുലിനൊപ്പം സിപിഐഎം ജനപ്രതിനിധിയും പങ്കെടുത്തത്.

കഴിഞ്ഞ ദിവസം ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശീധരൻ റോഡ് ഉദ്ഘാടനത്തിന് രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പങ്കെടുത്തതിൽ ബിജെപിയിൽ നിന്നുൾപ്പെടെ വിമർശനം ഉയർന്നിരുന്നു. അതിനിടെയാണ് സിപിഐഎം നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദിയിലെത്തിയത്. രാഹുലിനെ പാലക്കാട്ടെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല എന്ന് ഡിവൈഎഫ്‌ഐ നിലപാടെടുത്തിരുന്നു.

നഗരത്തിലെ സ്റ്റേഡിയം ബൈപ്പാസ് റോഡ് ഉദ്ഘാടനത്തിലാണ് പ്രമീള ശശിധരന്‍ രാഹുല്‍ മാങ്കുട്ടത്തിലിന് ഒപ്പം വേദി പങ്കിട്ടത്. രാഹുലിനെ പൊതു പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്ന ബിജെപി നിലപാടിന് വിരുദ്ധമായായിരുന്നു ഈ നീക്കം. ലൈംഗികാരോപണത്തിന് പിന്നാലെ മാറി നിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ സമീപകാലത്ത് വീണ്ടും മണ്ഡലത്തില്‍ സജീവമാകുകയാണ്. നേരത്തെ കെഎസ്ആര്‍ടിസി ബസിന്റെ ഉദ്ഘാടനത്തിനും റോഡ് ഉദ്ഘാടനത്തിനും എംഎല്‍എ പങ്കെടുത്തിരുന്നു. എന്നാല്‍ ഇവിടെയെല്ലാം തടയുമെന്ന നിലപാടിലായിരുന്നു സിപിഐഎമ്മും ബിജെപിയും.

അതേസമയം സംഭവത്തില്‍ പ്രതികരണവുമായി ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. വേദി പങ്കിടരുതെന്ന് തന്നെയാണ് പാര്‍ട്ടി നിലപാടെന്നായിരുന്നു ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ പ്രതികരിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധവുമായി ബിജെപി മുന്നോട്ടുപോകും. അതിന്റെ ഭാഗമായി ഇപ്പോഴും പ്രതിഷേധം നടക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം ബിജെപിയുടെ ഒരു പ്രവര്‍ത്തകരും വേദി പങ്കിടരുതെന്നും അദ്ദേഹവുമായി സഹകരിക്കരുത് എന്നുമാണ് പാര്‍ട്ടി നിലപാട്. അതില്‍നിന്നും ഒരിഞ്ച് പോലും പാര്‍ട്ടി പിന്നോട്ടു പോയിട്ടില്ല. രാഹുല്‍ രാജിവെക്കണം എന്നതാണ് തങ്ങളുടെ ആവശ്യമെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞിരുന്നു.

Content Highlight; CPIM representative shares stage with Rahul Mamkootathil MLA

To advertise here,contact us