കൊല്ലം: ഓണം ബംബറിന്റെ മാതൃകയില് നറുക്കെടുപ്പ് നടത്തിയ വ്യാപാരി വ്യവസായി സമിതിക്കെതിരെ കേസെടുത്ത് പൊലീസ്. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് നറുക്കെടുപ്പ് നടത്തിയത്. സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര് എന്നിവര്ക്കെതിരെയാണ് കേസ്. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ജില്ലാ ലോട്ടറി ഓഫീസര് നല്കിയ പരാതിയിലാണ് കേസ്.
മഹാ ഓണം ബംബര് എന്ന പേരിലായിരുന്നു കൂപ്പണുകള് അച്ചടിച്ച് ഇറക്കിയത്. ഇത് ഓണം ബംബറാണെന്ന് പലരും വിശ്വസിച്ചുവെന്നും ജനങ്ങളില് തെറ്റിദ്ധാരണയുണ്ടാക്കി എന്നും എഫ്ഐആറില് പറയുന്നു. വ്യാജ ലോട്ടറിയുണ്ടാക്കിയത് വഴി സര്ക്കാരിനെ വഞ്ചിച്ചു. സര്ക്കാരിന്റെ ഓണം ബംബര് വില്പനയെ ബാധിച്ചു. കച്ചവടം ശ്രദ്ധയില്പെട്ടപ്പോള് നിര്ത്താന് ആവശ്യപ്പെട്ടെങ്കിലും നിര്ദേശം അനുസരിക്കാതെ രഹസ്യമായി നറുക്കെടുപ്പ് നടത്തുകയായിരുന്നു. ലോട്ടറി നിയന്ത്രണ നിയമം, വഞ്ചന, ഗൂഡാലോചന എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Content Highlight; Onam bumper fraud case against CPM-linked group