കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളില് ഹിജാബ് വിവാദത്തില് വിദ്യാര്ത്ഥിനിയെ സ്കൂള് മാറ്റുമെന്ന നിലപാടിലുറച്ച് പിതാവ്. അടുത്ത പ്രവര്ത്തിദിനം സെന്റ് റീത്താസില് നിന്ന് കുട്ടിയുടെ ടി സി വാങ്ങുമെന്ന് പിതാവ് പറഞ്ഞു. ഹിജാബ് ധരിച്ചെത്തിയതോടെ പുറത്തുനിര്ത്തിയതും തുടര്ന്നുണ്ടായ വിവാദങ്ങളും കുട്ടിക്ക് മാനസിക സംഘര്ഷം ഉണ്ടാക്കിയെന്നും തുടര്ന്നും ഇതേ സ്കൂളില് മകള് പഠിക്കേണ്ടതില്ലെന്നുമാണ് പിതാവ് അറിയിച്ചത്. മകളുടെ കൂടി തീരുമാനപ്രകാരമാണ് സ്കൂള് മാറ്റമെന്നും പുതിയ സ്കൂളില് പഠനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില് ഹിജാബ് ധരിക്കാനുള്ള കുട്ടിയുടെ അവകാശത്തിനൊപ്പമാണ് സര്ക്കാര്. ഹിജാബ് ധരിക്കാന് വിദ്യാര്ത്ഥിക്ക് അനുമതി നല്കാന് നിര്ദേശിച്ച വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതിയും അനുവദിച്ചിരുന്നില്ല. ശിരോവസ്ത്രം ധരിച്ചുകൊണ്ട് സ്കൂളില് വരാന് അനുവദിക്കണം എന്നായിരുന്നു എഇഒ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഡിഡിഇ പുറപ്പെടുവിച്ച ഉത്തരവ്. ഹിജാബിന്റെ നിറവും ഡിസൈനും സ്കൂളിന് തീരുമാനിക്കാമെന്നും ഡിഡിഇ വ്യക്തമാക്കിയിരുന്നു. എന്നാല് തങ്ങളുടേത് സിബിഎസ്ഇ സ്കൂളാണെന്നും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന് ഡിഡിഇക്ക് അധികാരമില്ലെന്നായിരുന്നു സ്കൂളിന്റെ വാദം. അടുത്ത വെള്ളിയാഴ്ച ഹര്ജി വീണ്ടും പരിഗണിക്കും.
സ്കൂളിന്റെ നിയമം അനുസരിച്ച് വിദ്യാര്ത്ഥി വന്നാല് സ്വീകരിക്കുമെന്നാണ് പ്രിന്സിപ്പല് പറഞ്ഞത്. സ്കൂളിന്റെ നിബന്ധന അനുസരിച്ച് കുട്ടി വന്നാല് ആദ്യ ദിനത്തില് എന്ന പോലെ വിദ്യ നല്കാന് തയ്യാറാണ്. സ്കൂള് നിയമം അനുസരിച്ച് വിദ്യാര്ത്ഥി വന്നാല് സ്വീകരിക്കും. സര്ക്കാരിനെയും നിയമത്തെയും അനുസരിച്ചാണ് ഇതുവരെ മുന്നോട്ട് പോയത് എന്നും പ്രിന്സിപ്പല് പറഞ്ഞു.
Content Highlights: Hijab controversy Father insists on changing child's school