'ലീഗ് അവസരവാദരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാർ, ഇടതിനൊപ്പം കൂടിയാലും അത്ഭുതപ്പെടാനില്ല'; വെള്ളാപ്പള്ളി നടേശൻ

അന്തസുണ്ടെങ്കിൽ കെ എം ഷാജി 'കുമ്പിടി' കളിക്കാതെ രാഷ്ട്രീയകുപ്പായം അഴിച്ചുവെച്ച് മുസ്‌ലിംകൾക്കുവേണ്ടി സംസാരിക്കട്ടെയെന്ന് വെള്ളാപ്പള്ളി

കൊച്ചി: മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ 'മതേതര കോമഡി'കളിലൊന്നാണ് മുസ്‌ലിം ലീഗ്. പേരിലും പ്രവർത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും എന്തിന് വേഷത്തിൽ പോലും മതം കുത്തിനിറച്ച മറ്റൊരു രാഷ്ട്രീയ കക്ഷി കേരളത്തിലില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. നവ നേതാക്കളുടെ മട്ടും ഭാവവും സംസാരവും കേട്ടാൽ ഓർമവരിക പഴയ നീലക്കുറുക്കന്റെ കഥയാണ്. ഒരു ചാറ്റൽ മഴയിൽ ഒലിച്ചുപോകുന്ന ചായം മാത്രമാണ് ഇവരുടെ മതേതരത്വമെന്നും വെള്ളാപ്പള്ളി പറയുന്നു.

ലീഗ് നേതാവ് കെ എം ഷാജിക്കെതിരെയും രൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടത്തിയത്. തീപ്പൊരി പ്രാസംഗികനും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ എം ഷാജിയെപോലുള്ള 'ആദർശധീരന്മാരായ'ലീഗ് നേതാക്കളുടെ മതേതരഭാഷണങ്ങൾ കേട്ടാൽ ചിരിക്കാതിരിക്കുന്നതെങ്ങനെ?. പകൽ ലീഗും രാത്രി പോപ്പുലർ ഫ്രണ്ടുകാരുമാകുന്ന നേതാക്കളും അണികളും കണ്ണുതുറന്നു തന്നെ ഇനി പാലുകുടിക്കുക. നിങ്ങളുടെ മുഖം വെളിച്ചത്തുവന്നു കഴിഞ്ഞു. സമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയാണ് താൻ സംസാരിച്ചതെന്നാണ് രാഷ്ട്രീയ നേതാവായ ഷാജിയുടെ ന്യായീകരണം. അങ്ങനെയെങ്കിൽ അന്തസുണ്ടെങ്കിൽ അദ്ദേഹം 'കുമ്പിടി' കളിക്കാതെ രാഷ്ട്രീയകുപ്പായം അഴിച്ചുവെച്ച് മുസ്‌ലിംകൾക്കുവേണ്ടി സംസാരിക്കട്ടെ. അതാണ് മിനിമം മര്യാദയെന്ന് വെള്ളാപ്പള്ളി വിമർശിച്ചു.

സമ്പന്നരായ മുസ്‌ലിംകൾക്ക് വേണ്ടി സമ്പന്നരായ നേതാക്കൾ നയിക്കുന്ന പാർട്ടിയാണ് ലീഗെന്ന തിരിച്ചറിവ് പാവപ്പെട്ടമുസ്‌ലിംകൾക്ക് വേണം. വോട്ടുബാങ്കെന്ന അവരുടെ വിൽപന ചരക്കാണ് നിങ്ങൾ. നിങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്‌ലിം ലീഗ്. നൂറ് കണക്കിന് ഹിന്ദുക്കളെ കൊന്നുതള്ളിയ, ക്ഷേത്ര ധ്വംസനങ്ങൾ നടത്തിയ മലബാർ കലാപം നടന്ന മണ്ണിൽനിന്ന് ഉയർന്നുവന്ന പാർട്ടിയാണ് ലീഗെന്ന ബോധ്യം ഇവിടുത്തെ ഭൂരിപക്ഷ സമൂഹം മറന്നുപോയതാണ് അവർ ചെയ്ത തെറ്റ്. അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായ ലീഗ് നാളെ ഇടതുമുന്നണിക്കൊപ്പം കൂടിയാലും ആരും അത്ഭുതപ്പെടില്ലെന്നും മുസ്‌ലിം വോട്ടു ബാങ്കിന്റെ മൊത്തക്കച്ചവടം പേടിച്ചാണ് കേരളത്തിലെ മുന്നണി രാഷ്ട്രീയം ലീഗിനെയും ഷാജിയെയും ചുമക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു.

Content Highlights: Vellapally Natesan criticize Muslim league at yoganadam editoriyal

To advertise here,contact us