കോഴിക്കോട്: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി സമസ്ത മുഖപത്രം സുപ്രഭാതം. തട്ടം കാണുമ്പോൾ മറനീക്കുന്ന വർഗീയതയെന്ന പേരിലാണ് സുപ്രഭാതം പത്രത്തിന്റെ എഡിറ്റോറിയൽ. ശിരോവസ്ത്രത്തെ പേടിസ്വപ്നമാക്കി ചിത്രീകരിക്കാനുള്ള ഹീനമായ ശ്രമമാണ്. ശിരോവസ്ത്രത്തിനായി വാദിച്ചവരെ വർഗീയവാദികളാക്കി. സ്കൂൾ മാന്വൽ ഭരണഘടനയ്ക്ക് മുകളിലാണെന്ന് വാദിക്കുന്നവർ വർഗീയവാദികളും രാജ്യവിരുദ്ധരുമാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
തട്ടമിട്ട് പെൺകുട്ടി സ്കൂളിലെത്തിയാൽ സഹപാഠികൾക്ക് പേടിയാവുമെന്ന് ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീയുടെ നിഷ്കളങ്ക ആഖ്യാനം ഒറ്റപ്പെട്ട പരാമർശമോ സംഭവമോ അല്ല. കേരളത്തിന്റെ മാറുന്ന സാമൂഹികമണ്ഡലത്തിൽ പറ്റിപ്പിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വർഗീയ വേതാളങ്ങളുടെ പ്രതിധ്വനിയാണ്. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ശിരോവസ്ത്രമെന്നത് ഒരു പേടിസ്വപ്നമാക്കി ചിത്രീകരിക്കാൻ നടത്തിയ ഏറ്റവും ഹീനമായ വർഗീയ പ്രചാരണങ്ങളാണ് ഈ സംഭവം ജനശ്രദ്ധയിലെത്തിച്ചതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
താൻ വിശ്വസിക്കുന്ന മതാചാരം പിൻപറ്റി ഒരു കുട്ടി ശിരോവസ്ത്രം അണിഞ്ഞ് സ്കൂളിലെത്തിയതാണ് മതേതരത്വത്തിന്റെ കാവൽ മാലാഖമാരെന്ന് നാഴികയ്ക്ക് നാൽപതുവട്ടം ഉരുവിടുന്ന സഭാവാസികൾക്ക് വിമ്മിട്ടമുണ്ടാക്കിയത്. അത് ചോദ്യം ചെയ്തതിന്റെ പേരിൽ ശിരോവസ്ത്ര അവകാശത്തിനുവേണ്ടി സംസാരിച്ചവരെ കൊടിയ വർഗീയവാദികളെന്ന് ചാപ്പകുത്താനുള്ള തിടുക്കത്തിലായിരുന്നു ചിലർ. എന്തിനാണ് ഒരു കുട്ടി തട്ടമിട്ടതിന്റെ പേരിൽ ഇത്രയും വിദ്വേഷത്തിന് മൂർച്ച കൂട്ടുന്നത്. ആ പെൺകുട്ടി ശിരോവസ്ത്രം ധരിച്ചാൽ ഏത് ആകാശമാണ് ഇടിഞ്ഞു വീഴുന്നത്. ഭൂരിപക്ഷ വർഗീയതയുടെ കുടില വിചാരധാരകളുടെ നടത്തിപ്പുകാരുമായി ചില ന്യൂനപക്ഷങ്ങളും മുന്നണിയിലുണ്ടെന്ന തിരിച്ചറിവാണ് പള്ളുരുത്തി സംഭവം ഒന്നുകൂടി ഓർമിപ്പിക്കുന്നത്. ഏത് മതത്തിനാണ് തങ്ങളുടെ ആചാരങ്ങൾ പിന്തുടരാൻ വിലക്കുള്ളത്. സന്യാസിക്ക് കാഷായ വസ്ത്രംധരിക്കാനോ സിഖ് വിശ്വാസികൾക്ക് തലപ്പാവും കൃപാണും ധരിക്കാനോ പാതിരിമാർക്കും കന്യാസ്ത്രീകൾക്കും അവരുടെ വിശേഷ വസ്ത്രങ്ങൾ ധരിക്കാനോ ഇന്നാട്ടിൽ ഒരു വിലക്കുമില്ല. എന്നാൽ ഏതെങ്കിലുമൊരു മുസ്ലിം നാമധാരി തലപ്പാവു ധരിച്ചാൽ, ശിരോവസ്ത്രമിട്ടാൽ, താടിനീട്ടിയാൽ അതാണ് ചില ദോഷൈകദൃക്കുകൾക്ക് മതം പ്രകടിപ്പിക്കൽ. അതോടെ മതേതരസങ്കൽപങ്ങൾ തകർന്നുവീഴുമെന്ന കൂട്ടവിലാപമാണ് പിന്നീടുണ്ടാകുന്നത്. ഇത് ഒരുതരം മാനസിക വൈകൃതമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ഹിജാബ് വിഷയത്തിൽ മന്ത്രി വി ശിവൻകുട്ടി സ്വീകരിച്ച സമീപനം അഭിനന്ദിക്കേണ്ടതാണ്. ഭരണഘടനയെയും മതേതരത്വത്തെയും ചേർത്തുപിടിച്ചുള്ള പ്രതികരണമാണ് ശിവൻകുട്ടി നടത്തിയത്. ഭരണഘടനയ്ക്ക് മേലെയാണ് തങ്ങളുടെ സ്കൂൾ മാന്വലെന്ന് പ്രഖ്യാപിക്കുന്നവർ വർഗീയവാദികൾ മാത്രമല്ല, രാജ്യവിരുദ്ധർകൂടിയാണ്. പള്ളുരുത്തി സംഭവം ആസൂത്രിതമാണ്. വർഗീയത വളർത്താനും അതിലൂടെ മതങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാനുമുള്ള അതിബുദ്ധിയിൽനിന്നുണ്ടായതാണ്. അപരവിദ്വേഷത്തിന്റെ ആൾനൂഴികൾ സൃഷ്ടിച്ച് അതിലേക്ക് തങ്ങളുടെ തിരക്കഥയ്ക്ക് അനുസരിച്ച് ആളുകളെ തള്ളിയിട്ട് കൊല്ലുന്ന മാനസികാവസ്ഥയിലേക്ക് ചിലർ മാറുകയാണെന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും സുപ്രഭാതം മുഖപ്രസംഗത്തിൽ പറയുന്നു.
Content Highlights: Samastha mouthpiece Suprabhatham reacts on hijab controversy