കൊച്ചി: സെന്സര്ബോര്ഡ് പ്രദര്ശനാനുമതി നിഷേധിച്ച ഹാല് സിനിമ നേരിട്ടുകാണാന് ഹൈക്കോടതി. കോടതി നേരിട്ട് സിനിമ കാണണമെന്ന ആവശ്യം സിംഗിള് ബെഞ്ച് അധ്യക്ഷന് ജസ്റ്റിസ് വിജി അരുണ് അംഗീകരിച്ചു. ഹര്ജിയിലെ കക്ഷികളുടെ അഭിഭാഷകര്ക്കൊപ്പമാകും സിനിമ കാണുക. സിനിമയുടെ പ്രദര്ശന തീയതിയും സ്ഥലവും ഹൈക്കോടതി ചൊവ്വാഴ്ച തീരുമാനിക്കും. സിനിമയെ എതിര്ത്ത് കക്ഷി ചേരാനുള്ള താമരശ്ശേരി ബിഷപ്പിന്റെ ആവശ്യത്തെ സിനിമാ നിര്മ്മാതാക്കള് എതിര്ത്തില്ല. ഹര്ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം ഹാല് സിനിമയ്ക്കെതിരെ കത്തോലിക്ക കോണ്ഗ്രസ് രംഗത്തെത്തിയിരുന്നു. സിനിമയുടെ ഉള്ളടക്കം മതസൗഹാര്ദത്തിന് ഭീഷണിയാണെന്നാണ് കത്തോലിക്ക കോണ്ഗ്രസ് ആരോപണം. സിനിമ റിലീസ് ചെയ്യാന് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോണ്ഗ്രസ് പ്രസിഡന്റ് കെ വി ചാക്കോ ഹര്ജി നല്കുകയായിരുന്നു.
സിനിമയുടെ ഉള്ളടക്കം ക്രൈസ്തവ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്താന് സാധ്യതയുണ്ട്. താമരശ്ശേരി ബിഷപ്പിനെ ലൗ ജിഹാദിന്റെ പിന്തുണക്കാരനായി കാണിക്കുന്നു. ഇത് ബിഷപ്പിന്റെ വ്യക്തിപരമായ യശസ്സിനും രൂപതയ്ക്കും അപകീര്ത്തിയുണ്ടാക്കും തുടങ്ങിയ കാര്യങ്ങളും കത്തോലിക്ക കോണ്ഗ്രസ് ഉന്നയിക്കുന്നു. സിനിമയ്ക്ക് ദേശവിരുദ്ധ അജണ്ടയുണ്ടെന്നാണ് കത്തോലിക്ക കോണ്ഗ്രസ് ആരോപിക്കുന്നത്.
നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിന് നിഗം നായകനാകുന്ന സിനിമയാണ് ഹാല്. ചിത്രത്തില് നിന്ന് ചില രംഗങ്ങള് നീക്കം ചെയ്യാന് നേരത്തെ സെന്സര് ബോര്ഡും ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ ബീഫ് ബിരിയാണി രംഗം, ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്ശങ്ങള് എന്നിവ നീക്കം ചെയ്യാമെന്നാണ് സെന്സര് ബോര്ഡിന്റെ നിര്ദേശം. ഇവയെല്ലാം അടക്കം 15 സീനുകളില് മാറ്റങ്ങള് വേണമെന്ന് സിബിഎഫ്സി അറിയിച്ചിരുന്നു. ഈ മാറ്റങ്ങള് വരുത്തിയാല് സിനിമയ്ക്ക് എ സര്ട്ടിഫിക്കറ്റെങ്കിലും നല്കാമെന്നാണ് സിബിഎഫ്സിയുടെ നിലപാട്.
സിബിഎഫ്സി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിര്മ്മാതാക്കള്. ജെ വി ജെ പ്രൊഡക്ഷന്സാണ് ചിത്രം നിര്മിച്ചിരിക്കുന്നത് ന്യൂഡിറ്റിയോ വയലന്സോ ഇല്ലാത്ത സിനിമയ്ക്ക് എന്തിനാണ് എ സര്ട്ടിഫിക്കറ്റ് നല്കുന്നതെന്നാണ് അണിയറപ്രവര്ത്തകര് ചോദിക്കുന്നത്. സമൂഹത്തിലെ ചില പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാന് ശ്രമിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് സംവിധായകന് പ്രതികരിച്ചിരുന്നു.
Content Highlights: High Court will watch Shane Nigam starring Haal movie