തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ളയില് സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയെ കസ്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് ഉണ്ണികൃഷ്ണന് പോറ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പുളിമാത്തുള്ള വീട്ടില് നിന്നാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യകേന്ദ്രത്തില് വെച്ചാണ് ചോദ്യം ചെയ്യല്. അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് സൂചന.
ദ്വാരപാലകപാളികളിലെയും കട്ടിളപ്പാളിയിലെയും സ്വര്ണക്കവര്ച്ചയിലാണ് ചോദ്യം ചെയ്യല്. പരമാവധി തെളിവുകളും മൊഴികളും ശേഖരിച്ചതിന് ശേഷമാണ് എസ്ഐടിയുടെ ചോദ്യം ചെയ്യല്. രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന് പോറ്റി. ഉണ്ണികൃഷ്ണൻ പോറ്റിയെ പൊലീസ് ആസ്ഥാനത്ത് എത്തിക്കും.
അതേസമയം ഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ സ്മാര്ട്ട് ക്രിയേഷന്സ് സിഇഒ പങ്കജ് ഭണ്ഡാരി മൊഴി ആവര്ത്തിച്ചിരുന്നു. ശില്പത്തില് പൂശിയ ശേഷം ബാക്കി വന്ന 420 ഗ്രാം സ്വര്ണം ഉണ്ണികൃഷ്ണന് പോറ്റിക്ക് നല്കിയെന്നാണ് പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല് മൊഴി എസ്ഐടി വിശ്വാസത്തിലെടുത്തിട്ടില്ല.
ചെന്നൈയിലെ സ്മാര്ട്ട് ക്രിയേഷന്സില് കൊണ്ടുവന്നത് ചെമ്പ് പാളികളാണെന്ന് പറയണമെന്ന് നിര്ദേശിച്ചത് പോറ്റിയാണെന്ന് നേരത്തെ സ്മാര്ട്ട് ക്രിയേഷന്സ് മൊഴി നല്കിയിരുന്നു. മറ്റ് പ്രശ്നങ്ങള് ഉണ്ടാവില്ലെന്ന് ഉറപ്പ് നല്കി. ദേവസ്വം വിജിലന്സ് മൊഴി രേഖപ്പെടുത്താന് ഭണ്ഡാരിയെ വിളിപ്പിച്ചപ്പോഴാണ് ഗൗരവം മനസ്സിലാക്കിയത്. അതോടെ സത്യം തുറന്ന് പറഞ്ഞു. പോറ്റിയുടെ തട്ടിപ്പില് സ്ഥാപനത്തിന് പങ്കില്ല. മുമ്പ് സ്വര്ണ്ണം പാകിയതില് വീണ്ടും സ്വര്ണ്ണം പൂശില്ലെന്ന് പറഞ്ഞത് സത്യം. പോറ്റി നിര്ബന്ധിച്ചപ്പോള് റൂള് മാറ്റിയതാണെന്നുമായിരുന്നു സ്മാര്ട് ക്രിയേഷന്സ് മൊഴിനല്കിയിരുന്നു.
രണ്ട് സമയങ്ങളിലായിരുന്നു ശബരിമലയില് സ്വര്ണക്കൊള്ള നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാതില്പ്പാളിയിലെ സ്വര്ണം 2019 മാര്ച്ചില് കടത്തിക്കൊണ്ടുപോയി ഉരുക്കിയതായാണ് കരുതപ്പെടുന്നത്. ദ്വാരപാലക ശില്പങ്ങളിലെ സ്വര്ണം 2019 ഓഗസ്റ്റില് കവര്ന്നതായും കരുതപ്പെടുന്നു.
Content Highlights: Sabarimala case Unnikrishnan Potty under SIT Custody