കേരളം പിടിക്കാന്‍ കെ സി വേണുഗോപാല്‍;സംസ്ഥാനത്ത് സജീവമാകാന്‍ നീക്കം,വിദ്യാര്‍ത്ഥി,മഹിള,യുവജന നേതൃത്വം ഒപ്പം

നേരത്തെ ഐ, എ ഗ്രൂപ്പുകളില്‍ നിലയുറപ്പിച്ചിരുന്ന പുതുതലമുറയിലെ മുഴുവന്‍ നേതാക്കളെയും തനിക്കൊപ്പം നിര്‍ത്താന്‍ കെ സി വേണുഗോപാലിന് കഴിയുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള നീക്കങ്ങളുമായി എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മാസങ്ങള്‍ മാത്രം അകലെ നില്‍ക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കെ സി വേണുഗോപാലിന്റെ നീക്കം. അത് കൊണ്ട് തന്നെ സംസ്ഥാനത്ത് പരമാവധി വേദികളൊരുക്കാനാണ് കെ സി വേണുഗോപാലിനെ പിന്തുണക്കുന്ന നേതാക്കളുടെ തീരുമാനം. കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ നടന്ന പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യാന്‍ കെ സി വേണുഗോപാല്‍ എത്തിയത് രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു.

നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് കെ സി വേണുഗോപാലിന്റെ നിയന്ത്രണത്തിലാണ്. പാര്‍ട്ടിയുടെ പുതിയ നേതൃത്വത്തില്‍ ഭൂരിഭാഗം പേരും കെ സി വേണുഗോപാലിന്റെ വിശ്വസ്തരും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ പി അനില്‍കുമാറും ഷാഫി പറമ്പിലും കെ സിയുടെ സംസ്ഥാനത്തെ മുന്‍നിര പടയാളികളാണ്.

പോഷക സംഘടനകളായ കെഎസ്‌യുവിന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും അദ്ധ്യക്ഷന്‍മാര്‍ കെ സി വേണുഗോപാലിനൊപ്പമാണ്. അതോടൊപ്പം പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും കെ സി വേണുഗോപാലിനോടൊപ്പമാണ്.

പ്രസിഡന്റ് ഒ ജെ ജെനീഷും വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലും കെ സി വേണുഗോപാലിന്റെ വിശ്വസ്തരാണ്. ഷാഫി പറമ്പിലും ജെനീഷിനെ പിന്തുണച്ചതോടെയാണ് പുതിയ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തില്‍ തീരുമാനമായത്. നേരത്തെ ഐ, എ ഗ്രൂപ്പുകളില്‍ നിലയുറപ്പിച്ചിരുന്ന പുതുതലമുറയിലെ മുഴുവന്‍ നേതാക്കളെയും തനിക്കൊപ്പം നിര്‍ത്താന്‍ കെ സി വേണുഗോപാലിന് കഴിയുന്നുണ്ട്.

Content Highlights: KC Venugopal is making moves to become active in state politics

To advertise here,contact us