തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ളയില് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്ത്തിയാക്കിയ ശേഷം തുടര് നടപടികള് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണം അവസാനിക്കും മുന്പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില് ബാധിക്കുന്ന ഒരു പരാമര്ശവും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും മുഖ്യന്ത്രി പറഞ്ഞു. ആരൊക്കെ ജയിലില് പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'നവകേരള വികസനം സംബന്ധിച്ച് വിപുലമായ പഠനം നടത്തുന്നതിനായി സിറ്റിസണ്സ് റെസ്പോണ്സ് പ്രോഗ്രാം എന്ന പേരില് പരിപാടി നടത്തും. സന്നദ്ധ സേനയുടെ അംഗങ്ങള് ഓരോ ആളുകളുടെ അരികിലുമെത്തി പഠനം നടത്തും. വിശദമായ പഠന റിപ്പോര്ട്ട് തയ്യാറാക്കി ക്രോഡീകരിച്ച് ഭാവിയില് നാടിന്റെ പുരോഗതി ഏത് രീതിയിലാകണം എന്ന കാര്യത്തില് രൂപരേഖയുണ്ടാക്കും. വികസിത രാജ്യങ്ങളിലെ ജനങ്ങള്ക്കുള്ള ജീവിതനിലവാരം കേരളത്തില് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. വികസനങ്ങളുടെ നേട്ടത്തില് നിന്നുണ്ടാകുന്ന ഗുണഫലം എല്ലാ വിഭാഗങ്ങള്ക്കും ലഭ്യമാകും.' മുഖ്യമന്ത്രി വ്യക്തമാക്കി.
'രാജ്യത്തെ പൊതുനയങ്ങളില് നിന്നും വ്യത്യസ്തമായി കേരളത്തില് സ്വീകരിച്ച ചില ജനപക്ഷ നയങ്ങളാണ് ഉയര്ന്ന ജീവിത നിലവാരമുള്ള സംസ്ഥാനമായി ഉയരാന് നമ്മുടെ നാടിനെ സഹായിച്ചത്. ഈ വികസന പദ്ധതി കേരളാ മോഡല് എന്ന പേരില് ലോകശ്രദ്ധ നേടിയിരുന്നു. ജീവിത നിലവാര സൂചികയില് എത്രയോ മുകളിലാണ് നമ്മുടെ സംസ്ഥാനം എന്ന് നോക്കൂ. കഴിഞ്ഞ ദിവസം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി കൊളംബിയയില് നടത്തിയ പ്രസംഗത്തില് ചില സ്ഥലങ്ങളില് വികേന്ദ്രീകരണം വളരെ ഫലപ്രദമാണെന്നും, അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളം എന്ന് പറഞ്ഞതും എല്ലാവരും കേട്ടതാണല്ലോ. കൂടാതെ കഴിഞ്ഞ 40 വര്ഷം കൊണ്ട് ഏറ്റവും മികച്ച ആരോഗ്യ സംവിധാനവും വിദ്യാഭ്യാസ സംവിധാനവും ഒരുക്കാന് കേരളത്തിന് സാധിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ജനാധിപത്യത്തെ അര്ത്ഥവത്താക്കുന്ന പ്രവര്ത്തനങ്ങളും ഈ പ്രവര്ത്തനങ്ങള്ക്കെല്ലാം ഒപ്പം കൊണ്ടുപോകാന് കഴിഞ്ഞുവെന്നതാണ് മറ്റൊരു കാര്യം.' കേരളത്തിന്റെ വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി.
'തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ഓരോ വാഗ്ദാനവും പൂര്ത്തിയാക്കുക മാത്രമല്ല, അതിലെ ഓരോ പുരോഗതിയിലും പ്രോഗ്രസ് റിപ്പോര്ട്ടിലൂടെ പൊതുജനങ്ങളെ അറിയിക്കുന്ന സംവിധാനവും രാജ്യത്ത് ആദ്യമായി കേരളത്തില് കൊണ്ടുവന്നു. ഭരണ നിര്വഹണം കൂടുതല് കാര്യക്ഷമമാക്കാന് മേഖല അവലോകനയോഗങ്ങള് നടത്തി. തദ്ദേശസ്ഥാപനങ്ങളുടെ അടിസ്ഥാനത്തില് വികസന സദസുകള് ആരംഭിച്ചു. അത് ഇപ്പോഴും തുടരുന്നു.' മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.
Content Highlight; Kerala CM Pinarayi Vijayan Addresses Press Conference