കൊച്ചി: ആര്എസ്എസിനെതിരെ കുറുപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തില് പ്രതികരണവുമായി കെ സി വേണുഗോപാല് എംപി. ആത്മഹത്യാ കുറിപ്പിലുള്ളത് ഗുരുതരമായ ആരോപണമാണെന്ന് കെ സി വേണുഗോപാല് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ല. വയനാട്ടില് ഒരു കോണ്ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തപ്പോള് പുറകെ പോയ പൊലീസാണ്. ഇവിടെ അതൊന്നും കാണുന്നില്ല. കേരള പൊലീസും ആര്എസ്എസും വിഷയത്തില് മറുപടി പറയണമെന്നും കെ സി വേണുഗോപാല് പറഞ്ഞു.
ദിവസങ്ങള്ക്ക് മുന്പായിരുന്നു ആര്എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയത്. കോട്ടയം വഞ്ചിമല സ്വദേശിയായ 26കാരനാണ് തിരുവനന്തപുരത്തെ ലോഡ്ജില് മരിച്ചത്. മരിക്കുന്നതിന് തൊട്ടുമുന്പ് ആര്എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ഇന്സ്റ്റഗ്രാമില് ഷെഡ്യൂള് ചെയ്തിരുന്നു. ഇത് പിന്നീട് പബ്ലിഷ് ആകുകയായിരുന്നു. ശാഖയില്വെച്ച് ആര്എസ്എസുകാര് പീഡിപ്പിച്ചതായി യുവാവ് ആരോപിച്ചിരുന്നു. നാലുവയസുളളപ്പോള് തന്നെ ആര്എസ്എസുകാരനായ ഒരാള് ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്എസ്എസ് എന്ന സംഘടനയിലെ പലരില് നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് പറഞ്ഞിരുന്നു. തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആള് മൂലം ഒസിഡി (ഒബ്സസീവ് കംപള്സീവ് ഡിസോര്ഡര്) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറഞ്ഞു. തനിക്ക് ജീവിതത്തില് ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തില് ഒരിക്കലും ഒരു ആര്എസ്എസ് പ്രവര്ത്തകനെ സുഹൃത്താക്കരുതെന്നും യുവാവ് വ്യക്തമാക്കിയിരുന്നു. സംഭവത്തില് നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും കോണ്ഗ്രസും യൂത്ത് കോണ്ഗ്രസും രംഗത്തെത്തിയിരുന്നു. യുവാവിന്റെ കുറിപ്പ് മരണമൊഴിയായി കണ്ട് കേസെടുക്കണമെന്നായിരുന്നു ഡിവൈഎഫ്ഐയുടെ ആവശ്യം. സംഭവത്തില് നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുമ്പില് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എലിക്കുളം മണ്ഡലം കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ് കമ്മിറ്റികള് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നല്കിയിരുന്നു.
യുവാവ് പങ്കുവെച്ച ആത്മഹത്യാക്കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്
'മൂന്നോ നാലോ വയസുളളപ്പോള് മുതല് എന്റെ അയല്വാസിയായ ആ പിതൃശൂന്യന് എന്നെ ലൈംഗിക പീഡനത്തിനിരയാക്കി. എന്നെ നിരന്തരം പീഡിപ്പിച്ചു. ലൈംഗികമായ ഒരുപാട് കാര്യങ്ങള് എന്റെ ശരീരത്തോട് ചെയ്തു. എന്റെ കുടുംബത്തിലെ അംഗത്തെപ്പോലെ, എന്റെ സഹോദരനെപ്പോലെയായിരുന്നു അയാള്. എന്നെ ആര്എസ്എസ് ക്യാംപില് വെച്ചും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. എനിക്ക് ഇത്രയും വെറുപ്പുളള ഒരു സംഘടനയില്ല. ഞാന് വര്ഷങ്ങളോളം പ്രവര്ത്തിച്ച സംഘടന ആയതുകൊണ്ട് എനിക്ക് നന്നായി അറിയാം. ജീവിതത്തില് ഒരിക്കലും ഒരു ആര്എസ്എസ് പ്രവര്ത്തകനെ സുഹൃത്താക്കരുത്. നിങ്ങളുടെ അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കില്പ്പോലും അവരെ ജീവിതത്തില് നിന്നും ഒഴിവാക്കുക. അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആര്എസ്എസുകാര്. ഇനീഷ്യന് ട്രെയിനിംഗ് ക്യാംപിലും ഓഫീസേഴ്സ് ട്രെയിനിംഗ് ക്യാംപിലും വെച്ച് എന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. ലൈംഗിക പീഡനം മാത്രമല്ല ക്രൂരമായ ആക്രമണത്തിനും ഇരയായി. അവരുടെ ദണ്ഡ് ഉപയോഗിച്ച് എന്നെ തല്ലിയിട്ടുണ്ട്. അവര് ഒരുപാട് പേരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്, പീഡിപ്പിക്കുന്നുണ്ട്. ഇപ്പോഴും അവരുടെ ക്യാംപില് നടക്കുന്നത് പീഡനങ്ങളാണ്. ഞാന് ഇതില് നിന്ന് പുറത്തുവന്നതുകൊണ്ടാണ് എനിക്കിത് പറയാന് പറ്റുന്നത്.
ജീവിതത്തില് ഒരിക്കലും ഒരു ആര്എസ്എസുകാരുമായും ഇടപഴകരുത്. എന്നെ പീഡിപ്പിച്ച എന്എം ഒരു സജീവ ആര്എസ്എസ് ബിജെപി പ്രവര്ത്തകനാണ്. എനിക്കറിയാം. ഞാന് മാത്രമല്ല ഇവന്റെ ഇര. മറ്റുളള പല കുട്ടികളും ഇവന്റെ അടുത്തുനിന്ന് പീഡനം നേരിട്ടിട്ടുണ്ട്. ആര്എസ്എസ് ക്യാംപുകളില് നിന്നും പീഡനങ്ങള് നേരിട്ടിട്ടുണ്ട്. ഇവരുടെ ക്യാംപുകളിലും ശാഖകളിലും വെച്ച് ഒരുപാട് കുട്ടികള് പീഡനത്തിനിരയാവുന്നുണ്ട്. ഇവരെയൊക്കെ രക്ഷപ്പെടുത്തി ശരിയായ കൗണ്സലിംഗ് കൊടുക്കേണ്ടത് വളരെ ആവശ്യമായ കാര്യമാണ്. ഇവന് കാരണം പീഡനത്തിനിരയായവര് തുറന്നുപറയണം. ഇവനെയൊക്കെ തുറന്നുകാട്ടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില് ഇവന് ഇനിയും പലരെയും പീഡിപ്പിക്കും. അവന് ഒരു കുട്ടി ഉണ്ടായാല് അതിനെയും ദുരുപയോഗം ചെയ്യും. അത്രയ്ക്ക് വിഷമാണ് പീഡോ ആയ അവന്. ഞാനിപ്പോള് അനുഭവിക്കുന്ന ഒസിഡി എത്ര ഭീകരമാണെന്ന് പറഞ്ഞറിയിക്കാനാകില്ല. വിഷാദത്തിന്റെ അങ്ങേയറ്റത്ത് കൊണ്ട് അത് എത്തിക്കും. ഒസിഡി ഉളള ഒരാളുടെ മനസ് ഒരിക്കലും അയാളുടെ കയ്യില് നില്ക്കില്ല. മറ്റൊരാള് നമ്മുടെ മനസ് നിയന്ത്രിക്കുന്നതുപോലുളള അവസ്ഥയാണത്. ഉത്കണ്ഠ കൂടുമ്പോള് മരണമാണ് അതില് നിന്ന് മോചനം ലഭിക്കാനുളള ഏക വഴിയെന്ന് തോന്നും.
രക്ഷിതാക്കള് മക്കള്ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം കൊടുക്കണം. അവര്ക്ക് നല്ല സ്പര്ശനത്തെക്കുറിച്ചും മോശം സ്പര്ശനത്തെക്കുറിച്ചും പറഞ്ഞുകൊടുക്കണം. അവരുടെ കൂടെ സമയം ചിലവഴിക്കണം. എപ്പോഴും ദേഷ്യപ്പെടുന്ന രക്ഷിതാവാകാതിരിക്കുക. അവരെ കേട്ടിരിക്കാന് ക്ഷമ കാണിക്കുക. അവരെ നല്ല അന്തരീക്ഷത്തില് വളര്ത്തിയില്ലെങ്കില് ജീവിതകാലം മുഴുവന് അത് അവരെ വേദനിപ്പിക്കും. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ട്രോമകളില് നിന്ന് ഒരിക്കലും രക്ഷപ്പെടില്ല. ആ ട്രോമകള് ജീവിതകാലം മുഴുവന് ഉണ്ടാകും. ലോകത്ത് ഒരു കുട്ടിക്കും എന്റെ അവസ്ഥ ഉണ്ടാകരുത്. അതിന് രക്ഷിതാക്കള് എപ്പോഴും ശ്രദ്ധിക്കണം. എന്നെ ദുരുപയോഗം ചെയ്തവരെപ്പോലുളളവര് എല്ലായിടത്തും ഉണ്ടാകും. കുട്ടികള് പേടിച്ചിട്ട് പലതും പുറത്ത് പറയില്ല. എനിക്കും ഭയമായിരുന്നു. എനിക്ക് രക്ഷിതാക്കളോട് പറയാനായില്ല. അതുപോലെ ആവരുത് ഒരു കുട്ടിയും.
Content Highlights- k c venugopal mp reaction over death of man who wrote letter against rss in trivandrum