ന്യൂഡല്ഹി: യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷിനെ ചുമതലപ്പെടുത്തി. നിലവില് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ് ജനീഷ് . ബിനു ചുള്ളിയിലാണ് വര്ക്കിംഗ് പ്രസിഡന്റ്. വിവാദങ്ങളെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച ഒഴിവിലേക്കാണ് ഒ ജെ ജനീഷിനെ നിയോഗിച്ചിരിക്കുന്നത്. സാമുദായിക സമവാക്യമാണ് സംഘടനാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് തിരിച്ചടിയായത്. അബിൻ വർക്കിയെയും കെഎം അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായി ചുമതലപ്പെടുത്തി.
കെഎസ്യു യൂണിറ്റ് പ്രസിഡന്റായിരുന്ന ഒ ജെ ജനീഷ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ്, ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗ്രൂപ്പ് - സമുദായിക സമവാക്യം എന്നിവയിൽ സമവായം, നിലവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ, എ ഗ്രൂപ്പ് നേതാവ് കെ സി വേണുഗോപാലുമായുള്ള അടുപ്പം എന്നിവ ഒ ജെ ജനീഷിന് അനുകൂല ഘടകങ്ങളായി.
നിലവിലെ ഉപാധ്യക്ഷൻ അബിൻ വർക്കിക്കായി ഐ ഗ്രൂപ്പും രമേശ് ചെന്നിത്തലയും നിലപാട് സ്വീകരിച്ചെങ്കിലും സാമുദായിക സമവാക്യമാണ് തിരിച്ചടിയായത്. കെപിസിസി, കെഎസ്യു, മഹിളാ കോൺഗ്രസ് അധ്യക്ഷന്മാർ ന്യൂനപക്ഷ സമുദായത്തിൽ നിന്നായതാണ് അബിന് തിരിച്ചടിയായത്.
കഴിഞ്ഞ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെ 1,70,000 വോട്ടുകൾ നേടിയ അബിനെ വർക്കിംഗ് പ്രസിഡണ്ട് പോലും ആകാത്തതിൽ ഐ ഗ്രൂപ്പ് കടുത്ത അതൃപ്തിയുണ്ട്. ദേശീയ യൂത്ത് കോൺഗ്രസ് കമ്മിറ്റി പുനസംഘടിപ്പിച്ചപ്പോൾ കെഎം അഭിജിത്തിനെ ദേശീയ സെക്രട്ടറിയാക്കാത്തതിൽ എ ഗ്രൂപ്പിന് കടുത്ത അതിർത്തി ഉണ്ടായിരുന്നു. നിലവിലെ പ്രഖ്യാപനത്തിലൂടെ ആ അതൃപ്തിയും പരിഹരിക്കപ്പെട്ടു.
Content Highlights: Adv OJ Janeesh Youth Congress State President