സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയ ശക്തമായ ആന്റി ഫാസിസ്റ്റ് സിനിമകളിലൊന്നാണ് പ്രൈവറ്റ്; കെ റഫീഖ്

ഫാസിസ്റ്റ് വിരുദ്ധ സിനിമ എന്ന നിലയിലും തീവവലതുപക്ഷ നിലപാടുകളെ വിമര്‍ശിച്ചതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് ലക്ഷ്യം വെച്ച സിനിമ എന്ന നിലയിലും പ്രൈവറ്റ് എന്ന സിനിമ തീയേറ്ററില്‍ പിന്തുണയ്ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ബത്തേരി: സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയ ശക്തമായ ആന്റി ഫാസിസ്റ്റ് സിനിമകളിലൊന്നാണ് പ്രൈവറ്റെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. എന്തെല്ലാം വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഫാസിസ്റ്റ് വിരുദ്ധ സിനിമ എന്ന നിലയിലും തീവവലതുപക്ഷ നിലപാടുകളെ വിമര്‍ശിച്ചതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് ലക്ഷ്യം വെച്ച സിനിമ എന്ന നിലയിലും പ്രൈവറ്റ് എന്ന സിനിമ തീയേറ്ററില്‍ പിന്തുണയ്ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

'വയനാട്ടുകാരനായ ദീപക് ഡിയോണ്‍ സംവിധാനം ചെയ്ത പ്രൈവറ്റ് എന്ന സിനിമ ഒരു മികച്ച തീയേറ്റര്‍ അനുഭവമാണ് സമ്മാനിക്കുന്നത്. സിനിമയുടെ അണിയറക്കാര്‍ പറയുന്നത് പോലെ 'Beautifully Political' എന്ന വിശേഷണം തീര്‍ച്ചയായും ആ സിനിമ അര്‍ഹിക്കുന്നത് തന്നെയാണ്. സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയ ശക്തമായ ആന്റി ഫാസിസ്റ്റ് സിനിമകളിലൊന്നാണ് പ്രൈവറ്റ് എന്ന് നിസംശയം പറയാം.

പ്രൈവറ്റ് സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് നടത്തിയ ഇടപെടലിന്റെ വിവരങ്ങളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. സിനിമയില്‍ ഉപയോഗിച്ചിരുന്ന പൗരത്വ ഭേദഗതി ബില്‍, ബിഹാര്‍, ഹിന്ദിക്കാര്‍, രാമരാജ്യം, മുസ്ലിം തുടങ്ങിയ വാക്കുകള്‍ സെന്‍സര്‍ ബോര്‍ഡ് വിലക്കിയത് തികച്ചും പ്രതിഷേധാര്‍ഹമാണ്. സിനിമ പോലെ സമൂഹത്തിന്റെ കണ്ണാടി ആയി നിലനില്‍ക്കേണ്ട ഒരു മാധ്യമത്തിന് മേല്‍ ഈ നിലയില്‍ ഭരണകൂട നിയന്ത്രണം കടന്ന് വരുന്നു എന്നത് ഭയപ്പെടുത്തുന്നതാണ്. ഇന്ന് സിനിമയാണെങ്കില്‍ നാളെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധികളെയെല്ലാം ഭരണകൂടം നിയന്ത്രണത്തില്‍ കൊണ്ടുവരും എന്നതിലും തര്‍ക്കമില്ല. പ്രൈവറ്റ് പോലെ തീവ്രവലതുപക്ഷ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ഒരു സിനിമയെ സെന്‍സര്‍ ബോര്‍ഡ് ലക്ഷ്യം വെയ്ക്കുമ്പോള്‍ രാജ്യത്ത് സ്വതന്ത്രമായി സിനിമ ചെയ്യാനുള്ള സാഹചര്യം പതിയെ ഇല്ലാതാകുന്നു എന്ന് കൂടിയാണ് മനസ്സിലാക്കേണ്ടത്. കേരള സ്റ്റോറി പോലെ ചരിത്രത്തെയും വസ്തുതകളെയും വളച്ചൊടിച്ച് പ്രൊപ്പഗാന്‍ഡ സ്വഭാവത്തില്‍ വരുന്ന സിനിമകള്‍ക്ക് പട്ടും വളയും നല്‍കുന്ന ഭരണകൂടം തന്നെയാണ് ഈ നിലയില്‍ അവര്‍ക്ക് ഇഷ്ടമില്ലാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ക്ക് കത്രിക വെയ്ക്കുന്നത് എന്നതാണ് വിരോധാഭാസം. സിനിമയെ കലയായി കാണാനും കലയ്ക്ക് ഒരു രാഷ്ട്രീയമുണ്ടെന്ന് മനസ്സിലാക്കാനും കഴിയാത്ത ഒരു നിലയിലേയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പോലുള്ള സംവിധാനങ്ങള്‍ എത്തി കഴിഞ്ഞു എന്ന് കൂടിയാണ് ജനാധിപത്യ വിശ്വാസികള്‍ മനസ്സിലാക്കേണ്ടത്. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തുള്ള ജനാധിപത്യ വിശ്വാസികള്‍ ഇത്തരം നീക്കങ്ങള്‍ക്കെതിരെ രംഗത്ത് വരേണ്ടതുണ്ട് എന്ന് കൂടിയാണ് ഇത്തരം വിഷയങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്.

എന്തെല്ലാം വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഫാസിസ്റ്റ് വിരുദ്ധ സിനിമ എന്ന നിലയിലും തീവവലതുപക്ഷ നിലപാടുകളെ വിമര്‍ശിച്ചതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് ലക്ഷ്യം വെച്ച സിനിമ എന്ന നിലയിലും പ്രൈവറ്റ് എന്ന സിനിമ തീയേറ്ററില്‍ പിന്തുണയ്ക്കപ്പെടേണ്ടതാണ്.

ഇന്ദ്രന്‍സും മീനാക്ഷിയും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന പ്രൈവറ്റ് കലാമൂല്യമുള്ള സിനിമ കൂടിയാണ്. ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ നിരവധി അടരുകള്‍ സിനിമയിലുണ്ട് എന്നതും ശ്രദ്ധേയമാണ്. സംഗീതം, പശ്ചാത്തല സംഗീതം, കാമറ തുടങ്ങി എല്ലാ മേഖലകളിലും സിനിമ മികവ് പുലര്‍ത്തുന്നുണ്ട്. വയനാട്ടില്‍ നിന്ന് മലയാള സിനിമയ്ക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിക്കാന്‍ ശേഷിയുള്ള ഒരു സംവിധായകന്‍ കൂടി ഉയര്‍ന്ന് വന്നിരിക്കുന്നു എന്നത് സന്തോഷകരമാണ്. വയനാട്ടുകാരായ സുരേഷ് ഭാസ്‌കര്‍, അജി കൊളോണിയ, സനല്‍ നാരായണന്‍, മനു തോമസ് ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. പ്രിയപ്പെട്ട ദീപക്കിനും പ്രൈവറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും അഭിനന്ദങ്ങള്‍. 'Beautifully Political' ആയ ഒരു സിനിമ സമ്മാനിച്ചതിന്….', റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു.

To advertise here,contact us