തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പടർത്തി അമീബിക് മസ്തിഷ്കജ്വരം. എട്ട് ദിവസത്തിനിടെ 10 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ അഞ്ച് പേർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്. അതേസമയം മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ ആശങ്ക തുടരുകയാണ്.
ഈ വർഷം ഇതുവരെ 98 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 22 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. കാലിന് പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ 57 കാരനായ നിർമാണത്തൊഴിലാളിയ്ക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. വാമനപുരം, വിഴിഞ്ഞം, വർക്കല സ്വദേശികൾക്കും കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചിരുന്നു.
മലപ്പുറത്തെ പാണക്കാട്, മാറഞ്ചേരി സ്വദേശികൾക്കും കോഴിക്കോട് തിരുവാങ്ങൂർ, കൊളത്തൂർ എന്നിവിടങ്ങളിലുംആലപ്പുഴയിലെ തണ്ണീർമുക്കത്തും രോഗം സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ നടപടികൾ ശക്തമാക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് ആവർത്തിക്കുന്നത്. എന്നാൽ മലിനജലത്തിൽനിന്നും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാത്രമല്ല കിണർവെള്ളത്തിൽ വരെ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് കൂടുതൽ ആശങ്കയാണുണ്ടാക്കുന്നത്.
നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുന്നതാണ് രോഗം. വെള്ളത്തില്‍ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് കൂടുതലായും രോഗാണു തലച്ചോറിലെത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാകാം. കുളിക്കുന്നതിനിടയില്‍ വെള്ളം കുടിച്ചാല്‍ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കില്ല. പകരം വെള്ളത്തിലേക്ക് ചാടുമ്പോഴോ നീന്തുമ്പോഴോ വെള്ളം മൂക്കില്‍ കടന്നാല്‍ അമീബ മൂക്കിലെ അസ്ഥികള്‍ക്കിടയിലുളള വിടവിലൂടെ തലച്ചോറില്‍ എത്തുകയും രോഗമുണ്ടാവുകയും ചെയ്യും.
രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല. രോഗബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങും. കുട്ടികളിലും കൗമാരക്കാരിലുമാണ് രോഗം പ്രധാനമായും ഉണ്ടാകുന്നത്. ശക്തമായ പനി, ഛര്‍ദി, തലവേദന, അപസ്മാരം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. രോഗത്തിനുള്ള ചികിത്സ ലഭ്യമല്ല. രോഗത്തിന് മരണ സാധ്യത കൂടുതലായതുകൊണ്ടുതന്നെ രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുകയാണ് ചെയ്യുന്നത്.
Content Highlights: amebic meningoencephalitis10 people have been infected in eight days