കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയില് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ വെട്ടിപ്പരിക്കേല്പ്പിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്ത്. പ്രതി സനൂപ് വടിവാള് കരുതിയ ബാഗുമായി ആശുപത്രിയില് എത്തുന്നതിന്റെയും ഡോക്ടറെ ആക്രമിച്ച പ്രതിയെ ആശുപത്രി ജീവനക്കാര് പിടിച്ചുനിര്ത്തുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതി സ്കൂള് ബാഗില് വടിവാളുമായാണ് ആശുപത്രിയിലെത്തിയത്. തുടര്ന്ന് കുട്ടികളെ പുറത്തുനിര്ത്തി സൂപ്രണ്ടിന്റെ മുറിയിലേക്ക് കയറി. തുടർന്നായിരുന്നു ആക്രമണം. ശബ്ദം കേട്ട് മുറിയിലേക്ക് ഓടിക്കയറിയ ജീവനക്കാര് ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.
ഡോക്ടര്ക്കുള്ള വെട്ട് വീണാ ജോര്ജിനും ആരോഗ്യവകുപ്പിനും കോഴിക്കോട് മെഡിക്കല് കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നാണ് പ്രതി കഴിഞ്ഞ ദിവസം പറഞ്ഞത്. മെഡിക്കല് പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോള് മാധ്യമങ്ങളോടായിരുന്നു പ്രതിയുടെ പ്രതികരണം. ഒക്ടോബർ എട്ടിനായിരുന്നു താമരശ്ശേരി താലൂക്ക് ആശുപത്രിയില് ഡോക്ടര്ക്ക് നേരെ ആക്രമണം നടന്നത്. മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒന്പത് വയസുകാരി അനയയുടെ പിതാവാണ് ആക്രമണം നടത്തിയ സനൂപ്. ഡ്യൂട്ടിയില് ഉണ്ടായിരുന്ന വിപിന് എന്ന ഡോക്ടര്ക്ക് നേരെയായിരുന്നു ആക്രമണം. വടിവാള് ഉപയോഗിച്ച് സനൂപ് ആക്രമിക്കുകയായിരുന്നു. ഡോക്ടറുടെ തലയോട്ടിയില് പത്ത് സെന്റീമീറ്റര് നീളത്തില് മുറിവേറ്റിരുന്നു. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഡോക്ടർ വിപിൻ.
ഓഗസ്റ്റ് പതിനാലിനായിരുന്നു അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്നത്. കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയില് ഇരിക്കെയായിരുന്നു മരണം. അനയയെ ആദ്യം പനിലക്ഷണങ്ങളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല് കോളേജിലേക്ക് റെഫര് ചെയ്യുകയായിരുന്നു. അവിടെ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. താലൂക്ക് ആശുപത്രിയില് ചികിത്സയിലുണ്ടായ കാലതാമസമാണ് അനയയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
Content Highlights: Thamarassery doctor attacked incident cctv visuals out