കൊച്ചുവേലായുധന് സിപിഐഎം നൽകുന്ന വീടിൻ്റെ കട്ടിളവെപ്പ്‌ നടത്തി

കലുങ്ക്‌ സംവാദത്തിനായ്‌ പുള്ളിലെത്തിയ സുരേഷ് ഗോപി വീടുനിർമാണത്തിന് അപേക്ഷയുമായി സമീപിച്ച കൊച്ചുവേലായുധനോട്‌ സ്വീകരിച്ച നിലപാട്‌ വിവാദമായിരുന്നു

പുള്ള് : പുള്ളിലെ തായാട്ട് കൊച്ചുവേലായുധന് സിപിഐഎം നൽകുന്ന വീടിൻ്റെ കട്ടിളവെപ്പ്‌ നടത്തി. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എസി മൊയ്തീൻ എംഎൽഎ ഞായറാഴ്ച രാവിലെ കട്ടിളവെപ്പ്‌ നടത്തി. നിർമാണ കമ്മിറ്റി ചെയർമാൻ കെ കെ അനിൽ അധ്യക്ഷനായി.ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ ഷാജൻ, സിപിഐഎം ചേർപ്പ് ഏരിയാ സെക്രട്ടറി എ എസ് ദിനകരൻ, കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ പി ആർ വർഗീസ്, കെ എസ് മോഹൻദാസ്, സെബി ജോസഫ്, വി ആർ ബിജു, കെ ഗോപി എന്നിവർ പ്രസംഗിച്ചു.

കലുങ്ക്‌ സംവാദത്തിനായ്‌ പുള്ളിലെത്തിയ സുരേഷ് ഗോപി വീടുനിർമാണത്തിന് അപേക്ഷയുമായി സമീപിച്ച കൊച്ചുവേലായുധനോട്‌ സ്വീകരിച്ച നിലപാട്‌ വിവാദമായിരുന്നു. അടുത്ത ദിവസം കൊച്ചുവേലായുധന്റെ വീട്ടിലെത്തിയ സിപിഐഎം ജില്ലാ സെക്രട്ടറി കെ‌ വി അബ്ദുൾഖാദർ പാർട്ടി വീടുനിർമിച്ചു നൽകുമെന്ന് ഉറപ്പു നൽകിയിരുന്നു.

വീടിന്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 22-ന് വീടിന് തറക്കല്ലിട്ടു. രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയും വരാന്തയും ഉൾപ്പെടെ 600 ചതുരശ്രയടി വിസ്തീർണത്തിലുള്ള വീടാണ് നിർമിക്കുന്നത്. മൂന്നുമാസത്തിനകം നിർമാണം പൂർത്തീകരിച്ചു നൽകാനാണ് ലക്ഷ്യം വെയ്ക്കുന്നത്.

Content Highlight : The foundation stone of the house provided by the CPI(M) to Kochuvelayudhan was laid.

To advertise here,contact us