'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികൾ'; സ്വര്‍ണപ്പാളിയിൽ സഭയില്‍ പ്രതിപക്ഷം നടുത്തളത്തില്‍

ബാനര്‍ താഴ്ത്തിപ്പിടിക്കണമെന്നും ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് ജനങ്ങളോടുള്ള അനാദരവാണെന്നുമായിരുന്നു ഷംസീറിന്റെ പ്രതികരണം

തിരുവനന്തപുരം: സ്വര്‍ണപ്പാളി വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം. സഭാ സമ്മേളനം ആരംഭിച്ചതു മുതല്‍ സഭ പ്രക്ഷുബ്ധമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിഷയം അവതരിപ്പിച്ചെങ്കിലും അതവഗണിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ചോദ്യോത്തര വേളയിലേക്ക് കടന്നു. എന്നാല്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ പ്രസംഗം തടസപ്പെട്ടതോടെ ഭരണപക്ഷ എംഎല്‍എമാര്‍ എഴുന്നേറ്റു. ഇതോടെ ഭരണ പ്രതിപക്ഷ ബഹളമായി.

ചോദ്യോത്തരവേള തടസപ്പെടുത്തുന്ന പ്രവണത രാജ്യത്തൊരിടത്തുമില്ലെന്ന് ധനമന്ത്രി പറഞ്ഞു. സ്വര്‍ണം കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രിയും പ്രസിഡന്റും രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

ബാനര്‍ താഴ്ത്തിപ്പിടിക്കണമെന്നും ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് ജനങ്ങളോടുള്ള അനാദരവാണെന്നുമായിരുന്നു ഷംസീറിന്റെ പ്രതികരണം. സ്പീക്കറുടെ കാഴ്ച മറച്ച് ' അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികളെ'ന്ന ബാനര്‍ പ്രതിപക്ഷം ഉയര്‍ത്തി. ബഹളം കൂടിയപ്പോള്‍ ചോദ്യോത്തരവേള സ്പീക്കര്‍ റദ്ദാക്കുകയും സഭ അല്‍പനേരത്തേക്ക് നിര്‍ത്തി വയ്ക്കുകയും ചെയ്തു. സഭ പുനരാരംഭിച്ചെങ്കിലും പ്രതിഷേധം ശക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ സംസാരിക്കുന്നതിനിടയിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു.

Content Highlights: Opposition protests in assembly over the Swarnapali issue

To advertise here,contact us