സ്വർണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ആസ്ഥാനത്ത്, മൊഴിയെടുക്കുന്നു

തിരുവനന്തപുരത്തെ ദേവസ്വം ആസ്ഥാനത്താണ് മൊഴിയെടുപ്പ്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുക്കല്‍ പുരോഗമിക്കുന്നു. ദേവസ്വം ബോർഡ് ആസ്ഥാനത്തെ ദേവസ്വം വിജിലൻസ് ഓഫീസിൽ വെച്ചാണ് മൊഴിയെടുപ്പ്. മൊഴിയെടുക്കുന്നതിനായി ദേവസ്വം വിജിലൻസ് ഉണ്ണികൃഷ്ണൻ പോറ്റിയോട് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. എസ് പി സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ്.

ശബരിമലയില്‍നിന്നും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് ചെമ്പാണോ, കട്ടിളപ്പാളികൾ പ്രദർശന വസ്തുവാക്കിയോ തുടങ്ങിയ നിരവധി ചോദ്യങ്ങളിൽ അദ്ദേഹം മറുപടി നൽകേണ്ടി വരും.

എന്നാൽ തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി, ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് പ്രതികരിച്ചത്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തന്നെ തെറ്റുകാരനാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദേവസ്വം ബോർഡ് നല്‍കിയത് ചെമ്പുപാളികളാണെന്നായിരുന്നു അദ്ദേഹം ഉന്നയിച്ച ആരോപണം. പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ചിരുന്നു. കട്ടിളപ്പാളികള്‍ പ്രദര്‍ശന വസ്തുവാക്കിയതല്ല. പീഠത്തില്‍ സംഭവിച്ചത് ആശയക്കുഴപ്പമാണ്. കാണാതായെന്ന് പറഞ്ഞത് വാസുദേവനാണ്,താനല്ലെന്നും അദ്ദേഹം ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇതിനിടെ സ്വർണപ്പാളിയിൽ പ്രാഥമികാന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചു.ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികൾ ചെമ്പായത് എങ്ങനെയെന്നതിൽ വിശദമായ അന്വേഷണം വേണമെന്ന പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ ദ്രുതഗതിയിലുള്ള നടപടികൾ. വിദേശ മലയാളിയുടെ പരാതിയിൽ പ്രാഥമികാന്വേഷണം നടത്താൻ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച് വെങ്കടേഷ് പത്തനംതിട്ട എസ്പിക്ക് നിർദേശം നൽകി.

Content Highlights: Sabarimala gold controversy; Unnikrishnan Potty's statement taking

To advertise here,contact us