ഭാഗ്യവാൻ ലോട്ടറിയുമായി എത്തിയില്ല; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഫലമില്ല; ഏജന്‍റ് ലതീഷ്

ലോട്ടറി ഏജന്‍റായ ലതീഷിന്റെ പക്കല്‍ നിന്നാണ് ഓണം ബമ്പറടിച്ച ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്

കൊച്ചി: ഓണം ബമ്പർ വിജയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ലോട്ടറി ഏജന്‍റ് ലതീഷ്.

ആരും ലോട്ടറിയുമായി എത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും ലതീഷ് പറഞ്ഞു. കുമ്പളം സ്വദേശിയാണ് വിജയി എന്ന സംശയം ഉണ്ടായിരുന്നു. എന്നാൽ ആൾ നേരിട്ടെത്തി ലോട്ടറി അടിച്ചിട്ടില്ലെന്ന് അറിയിച്ചുവെന്നും ലതീഷ് പറയുന്നു.

ലതീഷ് വിറ്റ ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. മറ്റ് വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം താന്‍ വാങ്ങിയ ടിക്കറ്റുകളെല്ലാം വിറ്റുപോയെന്നും ആരാണ് ടിക്കറ്റ് എടുത്തതെന്ന് ഓര്‍മയില്ലെന്നും ലതീഷ് പറഞ്ഞിരുന്നു.

'ചത്ത് കഴിഞ്ഞാല്‍ മാത്രമേ എന്റെ പേര് പത്രത്തില്‍ വരൂ എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. അല്ലാതെ എന്റെ പേരൊക്കെ എങ്ങനെ വരാനാണ്. ഇതാണ് ഭാഗ്യത്തട്ട്. ഇനിയിപ്പോള്‍ നെട്ടൂര് നിന്നും ടിക്കറ്റെടുക്കാന്‍ ആള്‍ തിരക്ക് കൂടുതലായിരിക്കും. സമ്മാനം ലഭിച്ചത് ആര്‍ക്കാണെന്ന് എനിക്കും അറിയില്ല. രാവിലെ മുതല്‍ പലരും വിളിക്കുകയാണ്. നിരവധിയാളുകള്‍ വന്ന് ടിക്കറ്റെടുത്ത് പോകുന്നതല്ലെ… അടിച്ചത് പരിചയമുള്ള മുഖത്തിനല്ലെന്ന് തോന്നുന്നു.' എന്നായിരുന്നു ലതീഷിന്‍റെ ആദ്യ പ്രതികരണം.

ആരാണ് ഭാഗ്യവാനെന്ന കാര്യം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. വൈറ്റിലയിലെ ഭഗവതി ഏജന്‍സീസ് എന്ന കടയാണ് ലതീഷിന്റേത്. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

Content Highlight; Kerala Onam Bumper Lottery Winner Remains Anonymous; Agent Latheesh Reacts

To advertise here,contact us