'1999ൽ സ്ഥാപിച്ച സ്വർണപ്പാളികൾക്ക് 2019ൽ ഒരിക്കലും കേടുപാട് സംഭവിക്കില്ല;തിരികെ കൊണ്ടുവന്നത് യഥാർത്ഥ പാളിയല്ല'

ശിൽപിയായ മഹേഷ് പണിക്കരാണ് നിർണായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് സ്വര്‍ണം പൂശുന്നതിന് 2019 ല്‍ കൊണ്ടുപോയ ദ്വാരപാലക ശില്‍പങ്ങളുടെ പാളിയല്ല തിരികെ കൊണ്ടുവന്നതെന്ന് ശില്‍പി മഹേഷ് പണിക്കല്‍. 1999 ല്‍ ദ്വാരപാലക ശില്‍പത്തില്‍ പൊതിഞ്ഞ സ്വര്‍ണത്തില്‍ വീണ്ടും സ്വര്‍ണം പൂശാന്‍ കഴിയില്ല. യഥാര്‍ത്ഥ ദ്വാരപാലക ശില്‍പങ്ങളിലെ പാളി മാറ്റപ്പെട്ടുവെന്നും മഹേഷ് പണിക്കര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹം നിര്‍മിച്ചത് മഹേഷ് പണിക്കരുടെ മുത്തച്ഛന്മാരായ അയ്യപ്പ പണിക്കര്‍, നീലകണ്ഠ പണിക്കര്‍ എന്നിവരായിരുന്നു നിര്‍മിച്ചിരുന്നത്.

ശബരിമല ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളി വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലാണ് മഹേഷ് പണിക്കര്‍ നടത്തിയിരിക്കുന്നത്. സ്വര്‍ണംപൂശിയ ശേഷം തിരികെ സന്നിധാനത്തേക്ക് എത്തിച്ചത് രണ്ടാമത് നിര്‍മ്മിച്ച പാളിയാണെന്ന് മഹേഷ് പണിക്കര്‍ പറഞ്ഞു. 2019 ല്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ പാളികള്‍ വീണ്ടും അറ്റകുറ്റപണി നടത്താന്‍ ഒരു വര്‍ഷത്തിനുശേഷം ശ്രമം ആരംഭിച്ചു. 1999ല്‍ സ്ഥാപിച്ച സ്വര്‍ണപ്പാളികള്‍ക്ക് 2019 ല്‍ ഒരിക്കലും കേടുപാട് സംഭവിക്കില്ല. വെയിലും മഴയും കൊള്ളുന്ന ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ സ്വര്‍ണത്തിന് ഇതുവരെ മങ്ങല്‍ സംഭവിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് ദ്വാരപാലക ശില്‍പങ്ങളുടെ പാളികള്‍ക്ക് മങ്ങല്‍ സംഭവിക്കുകയെന്ന് മഹേഷ് പണിക്കര്‍ ചോദിച്ചു. ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളിക്ക് മാത്രമാണ് മങ്ങലേറ്റത്. അത് ഒരുപക്ഷേ സ്വര്‍ണപ്പാളി മോഷ്ടിക്കുന്നതിനായി അവര്‍ കെമിക്കലും മറ്റും ഉപയോഗിച്ച് മനഃപൂര്‍വ്വം മങ്ങിപ്പിച്ചതാകാം. മെര്‍ക്കുറി, നാരാങ്ങാ നീര്, പുളി എന്നിവ ഉപയോഗിച്ച് മങ്ങലേല്‍പ്പിക്കാം. യഥാര്‍ത്ഥ സ്വര്‍ണപ്പാളി എവിടെപ്പോയെന്ന് കണ്ടെത്തണമെന്നും മഹേഷ് പണിക്കര്‍ പറഞ്ഞു. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണത്തില്‍ പൊതിയുകയാണ് ചെയ്തിട്ടുള്ളതെന്നും ശില്‍പി മഹേഷ് പണിക്കര്‍ പറഞ്ഞു. ഏകദേശം മുപ്പത് കിലോയോളം സ്വര്‍ണമാണ് ദ്വാരപാലക ശില്‍പങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് ടണ്‍ ചെമ്പിലാണ് മുപ്പത് കിലോ ഉപയോഗിച്ചിരിക്കുന്നതെന്നും മഹേഷ് പണിക്കര്‍ വ്യക്തമാക്കി.

1998 ല്‍ വ്യവസായി വിജയ് മല്യയാണ് ശബരിമല ശ്രീ കോവിലിലും ദ്വാരപാലക ശില്‍പങ്ങളിലും പീഠങ്ങളിലും സ്വര്‍ണം പൊതിഞ്ഞ് നല്‍കിയത്. ഇതിന് 2019ല്‍ മങ്ങലേല്‍ക്കുകയായിരുന്നു. ഇതോടെ സ്വര്‍ണം പൂശി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ സമീപിക്കുകയായിരുന്നു. 2019 ജൂലൈ മാസം തിരുവാഭരണ കമ്മീഷണര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, തന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ സ്വര്‍ണംപൂശിയ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കൊടുത്തയച്ചു. ഇത് പിന്നീട് തൂക്കി നോക്കിയപ്പോള്‍ നാല് കിലോയുടെ കുറവ് അനുഭവപ്പെട്ടു. പിന്നീട് തിരുവാഭരണ കമ്മീഷന്റെ സാന്നിധ്യത്തില്‍ സ്വര്‍ണം പൂശുകയും തിരികെ സന്നിധാനത്ത് എത്തിക്കുകയുമായിരുന്നു.

ഇതിന് ശേഷവും സ്വര്‍ണപ്പാളികള്‍ക്ക് മങ്ങലേറ്റു. ഇതോടെ അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും ചെന്നൈയിലേക്ക് കൊണണ്ടുപോയി. ഇത് തന്റെ അറിവോടെയല്ല എന്ന് കാണിച്ച് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലയാണ് പീഠ വിവാദം ഉയരുന്നത്. 2019ല്‍ സ്വര്‍ണം പൂശി നല്‍കിയപ്പോള്‍ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണം പൂശി രണ്ട് താങ്ങുപീഠങ്ങള്‍ കൂടി അധികമായി നല്‍കിയെന്നും ഇത് ദേവസ്വത്തിന്റെ കൈവശമുണ്ടെന്നും ആരോപിച്ച് ഉണ്ണി കൃഷ്ണന്‍ പോറ്റി രംഗത്തെത്തി. ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങള്‍ മുന്‍പായിരുന്നു ഈ ആരോപണം. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടില്‍ നിന്ന് ഈ പീഠങ്ങള്‍ കണ്ടെടുത്തു. ഈ സംഭവങ്ങള്‍ക്ക് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ പലതരത്തിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പടി കൂടി സ്‌പോണ്‍സര്‍ ചെയ്തിരുന്നുവെന്നുള്ള വിവരം പുറത്തുവന്നു. ഇതിന്റെ പൂജാ ചടങ്ങുകളില്‍ നടന്‍ ജയറാം പങ്കെടുത്തു എന്നതാണ് ഒടുവിലത്തെ വിവാദം. ഇതില്‍ വിശദീകരിച്ച് ജയറാമും രംഗത്തെത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഉന്നത ബന്ധങ്ങളും സംശയനിഴലിലാണ്. ഇതില്‍ അടക്കം രഹസ്യാന്വേഷണ വിഭാഗവും വിജിലന്‍സും അന്വേഷണം നടത്തുന്നുണ്ട്.

Content Highlights- Sculptor Mahesh panicker reaction over sabarimala sculpture plate controversy

To advertise here,contact us