കോട്ടയം: കോട്ടയം മെഡിക്കല് കോളേജ് കെട്ടിടം തകര്ന്നുണ്ടായ അപകടത്തില് മരിച്ച ബിന്ദുവിന്റെ മകന് സര്ക്കാര് സര്വ്വീസില് നിയമനം നല്കി ഉത്തരവിറക്കി. തിരുവിതാംകൂര് ദേവസ്വം ബോര്ഡിലാണ് നിയമനം നല്കിയത്. ദേവസ്വം ബോര്ഡിലെ മരാമത്ത് വിഭാഗത്തില് തേര്ഡ് ഗ്രേഡ് ഓവര്സീയര് തസ്തികയിലാണ് ബിന്ദുവിന്റെ മകന് നവനീതിന് നിയമം നല്കിയത്. നവനീത് എഞ്ചിനീയറിംഗ് ബിരുദധാരിയാണ്.
ഇക്കഴിഞ്ഞ മാസമാണ് ബിന്ദുവിന്റെ കുടുംബം നവീകരിച്ച വീട്ടിലേക്ക് താമസം മാറിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല് സര്വീസ് സ്കീമാണ് വീട് നവീകരിച്ച് നല്കിയത്. 12.50 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നവീകരിച്ചത്. ചുറ്റുമതിലടക്കം മൂന്ന് മാസത്തിനുള്ളില് പണി പൂര്ത്തിയായി.അടുക്കളയായി ഉപയോഗിച്ചിരുന്ന ഭാഗം പൂര്ണമായും പൊളിച്ചുമാറ്റി. ശുചിമുറി ഉള്പ്പെടുന്ന ഒരു മുറിയും അടുക്കളയും വര്ക്ക് ഏരിയയും നിലവിലുള്ള വീടിനോട് കൂട്ടിചേര്ത്ത് പുതിയതായി കോണ്ക്രീറ്റ് ചെയ്തു.
ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല് കോളേജിന്റെ വാര്ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. രോഗിയായ മകള്ക്ക് കൂട്ടിരിക്കാനായി ആശുപത്രിയില് എത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു കെട്ടിടത്തിനടിയില്പ്പെട്ട് മരിക്കുകയായിരുന്നു. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്ക്കിടയില് നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. 14-ാം വാര്ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്.
Content Highlights: Kottayam Medical College accident Bindu's son gets government job