ചേര്ത്തല: ചേര്ത്തല തിരോധാന കേസുകളില് സെബാസ്റ്റ്യന് കുരുക്ക് മുറുകുന്നു. ഐഷ കേസിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്താനൊരുങ്ങുകയാണ് അന്വേഷണ സംഘം. ഐഷയേയും ഇയാള് കൊലപ്പെടുത്തിയെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് അന്വേഷണം സംഘം. പള്ളിപ്പുറത്തെ വീട്ടില് വച്ച് തന്നെയായിരിക്കാം ഇയാള് ഐഷയെയും കൊലപ്പെടുത്തിയത് എന്നാണ് സൂചന. ആലപ്പുഴയ്ക്ക് പോകുന്നു എന്ന് പറഞ്ഞായിരുന്നു ഐഷ അവസാനമായി വീട്ടില് നിന്നും ഇറങ്ങിയത്. അന്ന് ഐഷ പോയത് സെബാസ്റ്റ്യന്റെ വീട്ടിലേക്കാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിന് ശേഷം അയിഷയെക്കുറിച്ച് യാതൊരു വിവരവുമില്ല. ഐഷ കേസിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്താന് സാധ്യതകള് തേടുകയാണ് അന്വേഷണ സംഘം.
അതേസമയം ജെയ്നമ്മ കേസിലും ബിന്ദു പത്മനാഭന്റെ കേസിലും അന്വേഷണ സംഘം നിഗമനത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള് ജയ്നമ്മ കേസിലും സെബാസ്റ്റിയനെതിരെ കൊലക്കുറ്റം ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നത്. സെബാസ്റ്റ്യന്റെ വീട്ടില്നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്ന് ഫൊറന്സിക് പരിശോധനയില് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്ന്നാണ് അന്വേഷണം ഊര്ജിതമാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള് ഐഷ കേസിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്താനുള്ള സാധ്യത തേടുന്നത്.
കൂടാതെ ചേര്ത്തല ബിന്ദു പത്മനാഭന് കൊലപാതക്കേസില് സെബാസ്റ്റ്യനെതിരെ നിര്ണ്ണായക വിവരങ്ങള് ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ബിന്ദുവിന്റെ അസ്ഥികള് ഉപേക്ഷിച്ചത് തണ്ണീര്മുക്കം ബണ്ടിലാണെന്ന് പ്രതി സെബാസ്റ്റ്യന് മൊഴി നല്കിയിരുന്നു. ബിന്ദുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കിയ സെബാസ്റ്റ്യന് പള്ളിപ്പുറത്തെ വീട്ടുപറമ്പില് കുഴിച്ചിടുകയായിരുന്നു. ശേഷം അസ്ഥിക്കഷണങ്ങള് പുറത്തെടുത്ത് കത്തിക്കുകയും തണ്ണീര്മുക്കം ബണ്ടില് ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. ജെയിനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയായിരുന്നു ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് സെബാസ്റ്റ്യനില് നിന്നും വിവരങ്ങള് ലഭിക്കുന്നത്. തുടര്ന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു.
2006 ലാണ് ബിന്ദു പത്മനാഭനെ കാണാതാവുന്നത്. 2017 ലാണ് സഹോദരന് ബിന്ദുവിനെ കാണാനില്ലെന്ന് കാട്ടി പൊലീസില് പരാതി നല്കുന്നത്. ഇതിനിടെ ബിന്ദുവിന്റെ സ്ഥലം വ്യാജരേഖ ചമച്ച് വില്പ്പന നടത്തിയതിന് സെബാസ്റ്റ്യന് അറസ്റ്റിലായിരുന്നു. ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ബിന്ദു കേസില് സെബാസ്റ്റ്യന് സംശയമുനയില് ഉണ്ടായിരുന്നെങ്കിലും ഇയാള്ക്കെതിരെ തെളിവുകള് കണ്ടെത്താനായിരുന്നില്ല. പിന്നീട് ജെയ്നമ്മ കേസില് സെബാസ്റ്റ്യന് അറസ്റ്റിലായതോടെയാണ് മറ്റുതിരോധാനക്കേസുകളെ സംബന്ധിച്ച് പുനഃരന്വേഷണം തുടങ്ങിയത്.
Content Highlight; Cherthala disappearance: Investigation may include murder charges against Sebastian in Aisha case