കൊച്ചി: കൊച്ചി നഗരത്തില് റോഡരികിലെ മരത്തിന് മുകളില് കുടുങ്ങിയിരുന്ന പെരുമ്പാമ്പിനെ പിടികൂടി. പാമ്പ് മരത്തില് നിന്ന് താഴേയ്ക്ക് വീണപ്പോഴാണ് പിടികൂടിയത്. വടി ഉപയോഗിച്ച് മരത്തിന്റെ മറ്റൊരു ചില്ലയില് ശബ്ദമുണ്ടാക്കിയാണ് പാമ്പിനെ വീഴ്ത്തിയത്. പെരുമ്പാമ്പിനെ വനംവകുപ്പിന് കൈമാറും. കോടനാട് കൊണ്ടുപോയി തുറന്നുവിടുമെന്നാണ് വിവരം.
സര്ക്കാരിന്റെ കീഴിലുളള പോസ്റ്റ് മെട്രിക് ഹോസ്റ്റല് വളപ്പിലെ മരത്തിലാണ് രാവിലെ പെരുമ്പാമ്പിനെ കണ്ടത്. മറ്റ് വഴികളില്ലാത്തതിനാല് പാമ്പ് മരത്തില് നിന്ന് താഴെയിറങ്ങുമ്പോള് പിടികൂടാനായിരുന്നു തീരുമാനം. രാവിലെ ഹോസ്റ്റല് വളപ്പില് കാക്കകളുടെ കൂട്ടക്കരച്ചില് കേട്ടാണ് റോഡിലൂടെ നടന്നുപോയവര് മരത്തിന് മുകളിലേക്ക് ശ്രദ്ധിച്ചത്. മരത്തിന്റെ ചില്ലയിലായിരുന്നു കൂറ്റന് പെരുമ്പാമ്പ്. പെരുമ്പാമ്പിനെ കണ്ട വിവരമറിഞ്ഞ് എംഎല്എയും കൗണ്സിലറും പൊലീസും ഫയര്ഫോഴ്സും വനംവകുപ്പുമെല്ലാം സ്ഥലത്തെത്തിയിരുന്നു.
ആള് കൂടിയതോടെ പാമ്പ് കൂടുതല് മുകളിലേക്ക് നീങ്ങി. ഇരവിഴുങ്ങി മണിക്കൂറുകളോളം ചില്ലയില് കിടന്ന പാമ്പിനെ ദേഹത്തേക്ക് വെളളം ചീറ്റി താഴെയിറക്കാന് പദ്ധതിയിട്ടിരുന്നു. എന്നാല് താഴെ വീണ് പാമ്പിന് അപകടം സംഭവിക്കുമെന്നതിനാല് ആ പദ്ധതി ഉപേക്ഷിച്ചു. പിന്നീടാണ് പാമ്പ് താഴെയിറങ്ങുമ്പോള് പിടികൂടാമെന്ന തീരുമാനത്തിലെത്തിയത്. പാമ്പിനെ നിരീക്ഷിക്കാനായി ഒരു റസ്ക്യൂവറെയും നിയോഗിച്ചു. ഒടുവിൽ വൈകുന്നേരം ഏഴരയോടെ പാമ്പ് താഴെയിറങ്ങുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു.
Content Highlights: Python caught stuck in a tree by the roadside in Kochi