കോഴിക്കോട് മോഷ്ടിച്ച കാറില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം;പ്രതിയെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു

നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തതോടെയാണ് യുവാവിന് കുട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് മനസിലായത്

കോഴിക്കോട്: പയ്യനാക്കലില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കാറില്‍ എത്തിയ യുവാവ് മദ്രസയില്‍ പോവുകയായിരുന്ന കുട്ടിയോട് കാറില്‍ കയറാന്‍ യുവാവ് ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട നാട്ടുകാര്‍ എന്തിനാണ് കുട്ടിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടത് എന്ന് ചോദിക്കുകയും കുട്ടിയെ ഒരിടം വരെ കൊണ്ടുപോകാനാണെന്ന് ഇയാള്‍ മറുപടി പറയുകയും ചെയ്തിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തതോടെയാണ് യുവാവിന് കുട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് മനസിലായത്.

താന്‍ കാസര്‍കോട് സ്വദേശിയാണ്, കുട്ടിയെ വീട്ടിലിറക്കാനാണ് വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെട്ടത് എന്നായിരുന്നു യുവാവിന്റെ മറുപടി. ഇതോടെ നാട്ടുകാര്‍ കാറിന്റെ താക്കോല്‍ ഊരി മാറ്റി ഇയാളെ തടഞ്ഞ് വച്ചു. യുവാവിന് നാട്ടുകാരില്‍ നിന്ന് മര്‍ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ഒരു കാറില്‍ താക്കോലുണ്ടായിരുന്നു, ഈ കാര്‍ മോഷ്ടിച്ച് കൊണ്ടുവന്നായിരുന്നു യുവാവ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. നിലവില്‍ പരിക്കേറ്റ യുവാവിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Content Highlight; Locals catch man trying to abduct child in Payyanakkal, Kozhikode

To advertise here,contact us