എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ചു,തിരുവനന്തപുരത്ത് മകളുടെ ഭർത്താവിന് നേരെ ലോറി ഓടിച്ചുകയറ്റി പിതാവ്

വെമ്പായം തേക്കട കുണൂർ സിയോൺകുന്ന് പനച്ചുവിള വീട്ടിൽ ജോൺ(48) ആണ് അറസ്റ്റിലായത്

വെഞ്ഞാറമൂട്: പ്രണയ വിവാഹം ചെയ്തതിന്റെ വൈരാഗ്യത്താൽ മകളുടെ ഭർത്താവിനെ ലോറിയിടിച്ച്‌ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. വെമ്പായം തേക്കട കുണൂർ സിയോൺകുന്ന് പനച്ചുവിള വീട്ടിൽ ജോൺ(48) ആണ് അറസ്റ്റിലായത്. സംഭവത്തിൽ വെമ്പായം വേറ്റിനാട് കളിവിളാകം സുഭദ്രാ ഭവനിൽ അഖിൽജിത്തി(30)ന് അരയ്ക്കുതാഴെ ഗുരുതരമായി പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകിട്ടോടെ കൊപ്പം സിഎസ്ഐ പള്ളിക്ക് സമീപമായിരുന്നു സംഭവം. ഒരുമാസം മുൻപായിരുന്നു പിതാവിന്റെയും കുടുംബത്തിന്റെയും എതിർപ്പ് അവഗണിച്ച് അജീഷ(21) അഖിൽജിത്തിനെ വിവാഹം കഴിച്ചത്. അഖിൽജിത്തിന്റേത് രണ്ടാം വിവാഹമായിരുന്നു. ഇതറിഞ്ഞപ്പോൾ സഹോദരങ്ങൾ അജീഷയെ തിരികെ വിളിച്ചുകൊണ്ടുവന്നിരുന്നു. എന്നാൽ ഒരാഴ്ച മുൻപ്‌ അജീഷ അഖിൽജിത്തിനൊപ്പം പോയി.

ശനിയാഴ്ച വൈകിട്ടോടെ ജോൺ കൊപ്പം സിഎസ്ഐ പള്ളിക്ക് സമീപത്തേക്ക് വരുമ്പോൾ അജീഷയെയും അഖിലിനെയും വഴിയരികിൽ കണ്ടുമുട്ടി. സ്വന്തം ലോറി ഓടിച്ചുവന്ന ജോൺ ഇവരെക്കണ്ട് വാഹനം നിർത്തി. അജീഷയും അഖിലും തൊട്ടടുത്ത കടയിൽനിന്ന് കാറിലേക്ക് കയറുന്നതിനിടെ ജോൺ ഇവർക്കുനേരേ ലോറി ഇടിച്ചു കയറ്റുകയായിരുന്നു.

ലോറിക്കും കാറിനുമിടയിൽ പെട്ടുപോയ അഖിൽജിത്തിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിലുള്ള സംഘം ജോണിനെ അറസ്റ്റുചെയ്യുകയും ലോറി പിടിച്ചെടുക്കുകയും ചെയ്തു.

Content Highlights: Father arrested for trying to kill daughter's husband

To advertise here,contact us