'രാഷ്ട്രീയ നിലപാട് നേരത്തെ പറഞ്ഞതാണ്, ഏത് പ്രതിഷേധത്തേയും നേരിട്ടുകൊള്ളാം'; നിലപാടിലുറച്ച് ജി സുകുമാരൻ നായർ

'ഏത് പ്രതിഷേധത്തേയും ഞങ്ങൾ നേരിട്ടുകൊള്ളാ'മെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി

കോട്ടയം: ശബരിമല വിഷയത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിൽ വിമർശനം നേരിടുന്നതിന് പിന്നാലെ പ്രതികരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതാലായൊന്നും പറയാനില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം ചങ്ങനാശേരിയിലെ പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് പൊതുയോഗത്തിനായി എത്തിയതായിരുന്നു അദ്ദേഹം.

വളരെ വ്യക്തമായാണ് ഞാൻ എന്റെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ പറഞ്ഞത്. പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിച്ചോട്ടെ. ഏത് പ്രതിഷേധത്തേയും ഞങ്ങൾ നേരിട്ടുകൊള്ളാമെന്നും അദ്ദേഹം പറഞ്ഞു. വിമർശന ഫ്‌ളക്‌സുകളെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഫ്‌ളക്‌സുകൾ കണ്ടിരുന്നുവെന്നും എനിക്ക് പബ്ലിസിറ്റികിട്ടുമല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യോഗത്തിൽ ഇന്ന് ബജറ്റ് ചർച്ച മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജി സുകുമാരന്‍ നായരുടെ നിലപാടാണ് വിവാദത്തിന് തിരികൊളുത്തിയത്. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാന്‍ നടപടി എടുക്കുകയാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീ പ്രവേശന വിധിക്കെതിരെ എന്‍എസ്എസ് നാമജപ ഘോഷയാത്ര നടത്തി. കോണ്‍ഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീ പ്രവേശനം അനുവദിച്ചില്ല. അവര്‍ക്ക് വേണമെങ്കില്‍ അത് ചെയ്യാമായിരുന്നു. ആചാരങ്ങള്‍ അതേ പോലെ നിലനിര്‍ത്തി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോണ്‍ഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്നം പരിഹരിക്കുമെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും എന്‍എസ്എസിന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരത്തിനെതിരെ ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനല്‍കിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

ഇതോടെ ശബരിമല വിഷയത്തില്‍പഴയ നിലപാടിൽനിന്നും സെക്രട്ടറി വ്യതിചലിച്ചുവെന്നും ശബരിമലയിലെ വനിതാപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനോട് എതിർപ്പ് പ്രകടിപ്പിച്ച ജനറൽ സെക്രട്ടറി നിലപാട് മാറ്റിയെന്നുമുള്ള വിമര്‍ശനം ഉയരുകയായിരുന്നു.

പിന്നാലെ വിവിധ ഇടങ്ങളില്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരം കീഴാറൂര്‍, കുറ്റിയായണിക്കാട് എന്‍എസ്എസ് കരയോഗത്തിന് മുന്നിലും കോട്ടയം പൂഞ്ഞാറിലും ഇന്ന് പ്രതിഷേധ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'കുടുംബകാര്യത്തിനായി സമുദായത്തെ പിന്നില്‍ നിന്ന് കുത്തിയ കട്ടപ്പ'യെന്നാണ് കുറ്റിയായണിക്കാട് സ്ഥാപിച്ച ഫ്‌ളെക്‌സില്‍ വിമർശിക്കുന്നു. സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്നും പോസ്റ്ററിലുണ്ട്.

തിരുവനന്തപുരത്ത് നരുവാക്കാട്ടെ നടുക്കാട് എന്‍എസ്എസ് കരയോഗത്തിന് മുന്നിലായിരുന്നു ഇന്നലെ പോസ്റ്റര്‍ സ്ഥാപിച്ചത്. നായര്‍ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍' എന്നാണ് ഫ്ളക്സിലെ വാചകം. കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന ചിത്രവും ഫ്ളക്സ് ബോര്‍ഡിലുണ്ട്. പത്തനംതിട്ടയിലും ജി സുകുമാരന്‍ നായര്‍ക്കെതിരെ ഇന്നലെ ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു പോസ്റ്റര്‍. 'കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട്' എന്ന് പോസ്റ്ററില്‍ വിമര്‍ശിച്ചിരുന്നു.

Content Highlights: NSS General secretary G Sukumaran Nair says he has stated his political stands earlier

To advertise here,contact us