ബിന്ദുവിന്റെ സ്വപ്നമായിരുന്നു, അത് യാഥാര്‍ത്ഥ്യമായി; നവീകരിച്ച വീട്ടിലേക്ക് കുടുംബം താമസം മാറി

12.50 ലക്ഷം രൂപ ചിലവഴിച്ചാണ് വീട് നവീകരിച്ചത്. ചുറ്റുമതിലടക്കം മൂന്ന് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയായി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബം നവീകരിച്ച വീട്ടിലേക്ക് താമസം മാറി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീമാണ് വീട് നവീകരിച്ച് നല്‍കിയത്. ജൂലൈ മൂന്നിനുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ മന്ത്രി നല്‍കിയ ഉറപ്പാണ് സ്‌നേഹവീടായത്. വെള്ളിയാഴ്ച്ച വീടിന്റെ താക്കോല്‍ കൈമാറി. മന്ത്രിമാരായ ആർ ബിന്ദു, വി എൻ വാസവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

12.50 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നവീകരിച്ചത്. ചുറ്റുമതിലടക്കം മൂന്ന് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയായി.അടുക്കളയായി ഉപയോഗിച്ചിരുന്ന ഭാഗം പൂര്‍ണമായും പൊളിച്ചുമാറ്റി. ശുചിമുറി ഉള്‍പ്പെടുന്ന ഒരു മുറിയും അടുക്കളയും വര്‍ക്ക് ഏരിയയും നിലവിലുള്ള വീടിനോട് കൂട്ടിചേര്‍ത്ത് പുതിയതായി കോണ്‍ക്രീറ്റ് ചെയ്തു. മോശമായ കട്ടിളകളും വാതിലുകളും ജനലുകളും മാറ്റി പുതിയത് വച്ചു. മുന്‍ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്തി. മുറ്റത്ത് ഷീറ്റ് പാകി. പുതിയ സെപ്റ്റിക് ടാങ്കും നിര്‍മിച്ചു. വീട്ടിലേക്കെത്താന്‍ പുതിയ കൈവരിയും സ്ഥാപിച്ചിട്ടുമുണ്ട്. 'സര്‍ക്കാരും ഈ നാടും ഞങ്ങളെ ചേര്‍ത്തുനിര്‍ത്തി. മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കി. വീടും യാഥാര്‍ത്ഥ്യമായി. ഒരുപാട് നന്ദി', ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു.

അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിച്ചും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ഒരുങ്ങിയ വീട് വലിയ ദുഃഖത്തിലും കൂടുബത്തിന് ആശ്വാസമേകട്ടെയെന്ന് താക്കോൽ കൈമാറ്റ ചടങ്ങിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ബിന്ദുവിന് മകന് ദേവസ്വം ബോർഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ജോലി നൽകാൻ തീരുമാനിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Content Highlight; Kottayam Medical College building collapse victim Bindhu’s family gets new home

To advertise here,contact us