കോട്ടയം: ആഗോള അയ്യപ്പ സംഗമം നടന്നത് വിശ്വാസികള്ക്ക് വേണ്ടിയെന്ന് എന്എസ്എസ് ജനറല് സെക്രട്ടറി സുകുമാരന് നായര്. സര്ക്കാരില് പൂര്ണമായും വിശ്വസിക്കുന്നുവെന്നും സര്ക്കാരിന് മാത്രമാണ് ശബരിമല വിഷയത്തില് എന്തെങ്കിലും ചെയ്യാന് കഴിയുകയെന്നും സുകുമാരന് നായര് പറഞ്ഞു. ആര് എന്തെല്ലാം തീരുമാനമെടുത്താലും അവസാന തീരുമാനം സര്ക്കാരിന്റേതാണെന്ന് സുകുമാരന് നായര് പറഞ്ഞു.
'സര്ക്കാരിനെ ഞങ്ങള് വിശ്വസിക്കുന്നു. സ്ത്രീ പ്രവേശനം മാത്രമല്ല, പല ആചാരങ്ങളും നിലനിര്ത്തി പോകണം, അതാണ് എന്എസ്എസിന്റെ ആവശ്യം', അദ്ദേഹം പറഞ്ഞു. ബദല് അയ്യപ്പ സംഗമത്തില് പ്രതിനിധിയെ അയക്കാത്തതിനെ കുറിച്ചും സുകുമാരന് നായര് പ്രതികരിച്ചു. എത്രപേര് പങ്കെടുത്തു എന്നതിലല്ല കാര്യമെന്നും ഒരു അയ്യപ്പ സംഗമം നടന്നത് പമ്പയില് വച്ചും മറ്റൊന്ന് പന്തളത്ത് വച്ചുമാണെന്നും സുകുമാരന് നായര് പറഞ്ഞു. ആ വ്യത്യാസം രണ്ട് സംഗമങ്ങള്ക്കുണ്ടെന്ന് സുകുമാരന് നായര് പറഞ്ഞു.
വാവര് സ്വാമിക്ക് എതിരായ ശ്രീരാമദാസ മിഷന് അധ്യക്ഷന് ശാന്താനന്ദ മഹര്ഷിക്കെതിരായ പരാമര്ശത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വാവര് സ്വാമിയെ ഇന്നോ ഇന്നലെയോ അല്ല ആദരിക്കുന്നതെന്നും ശബരിമല ഉണ്ടായ കാലം മുതല് സ്വാമിയെ ആദരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഭക്തജനങ്ങളും ഒരുപോലെ ആദരിക്കുന്നുണ്ട്. എന്എസ്എസിന് വാവര് സ്വാമി തീവ്രവാദി എന്ന അഭിപ്രായമില്ല. ഇത്തരം പരാമര്ശങ്ങള് ശരിയല്ലെന്നും സുകുമാരന് നായര് വ്യക്തമാക്കി.
പന്തളത്ത് ഹൈന്ദവ സംഘടനകള് നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലായിരുന്നു ശാന്താനന്ദ മഹര്ഷിയുടെ വര്ഗീയ പരാമര്ശം. വാവര് തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമായിരുന്നു ശാന്താനന്ദ മഹര്ഷിയുടെ പരാമര്ശം. അയ്യപ്പനെ ആക്രമിച്ച് തോല്പ്പിക്കാന് എത്തിയ ആളാണ് വാവരെന്നും ശാന്താനന്ദ മഹര്ഷി പറഞ്ഞു. വാവര് ചരിത്രം തെറ്റാണ്. വാപുരന് അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തര്ക്ക് വാപുര സ്വാമിയുടെ നടയില് തേങ്ങയടിച്ച് അയ്യപ്പനെ ദര്ശിക്കാനുള്ള അവസരം ഉണ്ടാകണം. അതിനുവേണ്ടിയാണ് എരുമേലിയില് വാപുര സ്വാമി ക്ഷേത്രം ഉയരുന്നതെന്നും ശാന്താനന്ദ മഹര്ഷി പറഞ്ഞിരുന്നു.
Content Highlights: NSS Sukumaran Nair about Global Ayyappa Sangamam