കൊച്ചി: പൊലീസ് ചമഞ്ഞ് കൊച്ചി നഗരത്തിലെ സ്ഥാപനത്തില് നിന്ന് പണം തട്ടിയ ആള് അറസ്റ്റില്. പൊലീസ് സ്റ്റേഷനില് ഓണാഘോഷ പരിപാടി നടത്താനെന്ന പേരിലാണ് ഇയാള് സ്ഥാപനത്തില് നിന്ന് പണം തട്ടിയത്. കോട്ടയം പൂഞ്ഞാര് സ്വദേശി സിജോ ജോസഫാണ് പിടിയിലായത്.
കൊച്ചി നഗരത്തിലെ ഒരു സ്ഥാപനത്തിലായിരുന്നു സംഭവം നടന്നത്. പൊലീസ് ഇന്സ്പെക്ടറാണെന്ന് പറഞ്ഞായിരുന്നു ഇയാൾ സ്ഥാപനത്തിലെത്തിയത്. തുടർന്ന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയോട് ഇയാൾ പണം ആവശ്യപ്പെടുകയായിരുന്നു. 20,000 രൂപയായിരുന്നു ഇയാൾ ആവശ്യപ്പെട്ടതെങ്കിലും സ്ഥാപന ഉടമ 11,000 രൂപ നൽകി. ചോദിച്ച മുഴുവന് പണവും നല്കണമെന്നും അതുവരെ കട തുറക്കാന് പാടില്ലെന്നും സിജോ പറഞ്ഞു. ഇതോടെ രണ്ടാഴ്ച്ചയോളം പരാതിക്കാരി സ്ഥാപനം അടച്ചിട്ടു. പിന്നീടാണ് ഇവര് അസിസ്റ്റന്റ് കമ്മീഷണര്ക്ക് പരാതി നല്കിയത്.
സിസിടിവി ദൃശ്യങ്ങള് ഉള്പ്പെടെ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. തൃശ്ശൂര്, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില് ഇയാളുടെ പേരില് നിരവധി കേസുകള് രജിസ്റ്റര് ചെയ്തിട്ടുള്ളതായി പൊലീസ് അറിയിച്ചു. പൊലീസ് വേഷത്തില് തന്നെ ഇയാള് പല തട്ടിപ്പുകള് നടത്തിയിട്ടുണ്ട്.
വരും ദിവസങ്ങളില് കൂടുതല് പരാതികള് വരാന് സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിലവിലെ സംഭവത്തില് പ്രതിയെ റിമാന്ഡ് ചെയ്തു. എറണാകുളം ടൗണ് നോര്ത്ത് പ്രിന്സിപ്പല് അയ്ന് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlight; Fraud in the name of Onam celebrations; Suspect disguised as police is arrested