കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 13 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10 ആയി.
ഇന്നലെ തൃശ്ശൂർ ചാവക്കാട് സ്വദേശിയായ 59 കാരന് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചിരുന്നു. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനെട്ടായിരുന്നു. ഈ മാസം മാത്രം ഏഴ് പേരാണ് രോഗം ബാധിച്ച് മരിച്ചത്. 66 പേര്ക്ക് ഇതുവരെ രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കെട്ടിക്കിടക്കുന്ന വെളളത്തില് മുങ്ങിക്കുളിക്കുന്നവരില് അപൂര്വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം. അക്കാത്ത അമീബ, സാപ്പിനിയ, ബാലമുത്തി വെര്മമീബ, നെഗ്ലേറിയ ഫൗലേറി എന്നീ അമീബ വിഭാഗത്തില്പ്പെട്ട രോഗാണുക്കള് തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗമുണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേര്തിരിക്കുന്ന നേര്ത്ത പാളിയിലുളള സുഷിരങ്ങള് വഴിയോ കര്ണപടത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും ജ്വരമുണ്ടാവുകയും ചെയ്യുന്നു. 90 ശതമാനത്തിലധികം മരണനിരക്കുളള രോഗമാണിത്.
Content Highlights: amebic meningoencephalitis confirmed 13 year old