കലുങ്ക് സംവാദം: സുരേഷ് ഗോപിക്ക് പിന്തുണ; രാജീവിനെതിരെ പരോക്ഷ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍

മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും യുവരാജ് ഗോകുലും രാജീവിനെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്

തൃശൂര്‍: കലുങ്ക് സംവാദ പരിപാടിയിലെ വിവാദത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് പിന്തുണയുമായി കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്ത്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ പ്രസ്താവനക്കെതിരെയും പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം കടുക്കുകയാണ്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും യുവരാജ് ഗോകുലും രാജീവിനെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കണമെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'സാധാരണക്കാര്‍ക്ക് ഉപകാരമാവുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള മുഴുവന്‍ രാഷ്ട്രീയ നേതാക്കളും സുരേഷ്‌ഗോപിയെ മാതൃകയാക്കുകയാണ് വേണ്ടത്. ഇനി സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതെയിരിക്കാനെങ്കിലും ശ്രമിക്കുകയെന്നതാണ് മര്യാദ. കലുങ്ക് സംവാദം പോലെ താഴെതട്ടിലുള്ള ജനങ്ങളുമായി അദ്ദേഹം ഇടപെടുന്നത് കാണുമ്പോള്‍ സ്വാഭാവികമായും ചിലര്‍ക്ക് ചൊറിച്ചില്‍ വരും. അത് പൊട്ടിയൊലിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഇതൊക്കെ നമ്മള്‍ എത്ര കണ്ടതാണ്', എന്നായിരുന്നു സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

'സുരേഷ് ഗോപിയുടെ ജനസമ്പര്‍ക്കം വല്ലാത്ത തരത്തില്‍ ചില കേന്ദ്രങ്ങളെ വിറളി പിടിപ്പിക്കുന്നുണ്ട്. പെറ്റി ഈഗോ സ്വഭാവം ഒരു വശത്തേക്ക് മാറ്റി വച്ചാല്‍ എല്ലാവര്‍ക്കും നല്ലത്', എന്നായിരുന്നു യുവരാജ് ഗോകുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിവേദനം സ്വീകരിക്കാത്ത വിഷയത്തില്‍, സുരേഷ് ഗോപിയോട് തന്നെ ചോദിക്കണമെന്നായിരുന്നു രാജീവ് പറഞ്ഞത്. ഇതിനെതിരെയാണ് നേതാക്കള്‍ പരോക്ഷമായി രംഗത്തെത്തിയത്.

സുരേഷ് ഗോപി എന്തിനാണ് അങ്ങനെ ചെയ്തതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം നിവേദനം സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. 'അദ്ദേഹം എന്തിനത് ചെയ്തു, എങ്ങനെ ചെയ്തു, അതിന്റെ സാഹചര്യം എനിക്കറിയില്ല. ബിജെപി 30 ഹെല്‍പ്പ് ഡെസ്‌കുകള്‍ രൂപീകരിച്ചിട്ടുണ്ട്. തൃശൂര്‍ ഉള്‍പ്പെടെ എല്ലാ ജില്ലകളിലും ബിജെപി ഹെല്‍പ് ഡെസ്‌കുകളുണ്ട്. അവിടെ പോയി നിവേദനവും പരാതിയുമൊക്കെ കൊടുക്കാം. അത്രേയുളളു', എന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.

Content Highlights: BJP leaders supports Suresh Gopi and against Rajeev Chandrasekhar

To advertise here,contact us