പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയ സംഭവത്തിൽ രാഹുലും കോൺഗ്രസും ജനങ്ങളെ വഞ്ചിച്ചെന്ന് ബിജെപി. സിപിഐഎമ്മിൻ്റെ എംഎൽഎമാർ ഉണ്ടായിട്ടും സഭയിൽ പ്രതിഷേധിച്ചില്ല.രാഹുൽ സഭക്ക് അകത്ത് കയറുമ്പോഴും പുറത്തിറങ്ങിയപ്പോഴും എന്തു കൊണ്ട് പ്രതിഷേധിച്ചില്ലയെന്നും ബിജെപി ചോദിച്ചു.
എംഎൽഎ എന്ന നിലയ്ക്ക് രാഹുലിനെ പാലക്കാട് പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലയെന്നും ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ വ്യക്തമാക്കി. എംഎൽഎ ഓഫീസിൽ വന്ന് ഇരുന്നാലും പ്രതിഷേധം ഉണ്ടാകുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയത്. നിയമസഭയിലേക്ക് പോകുമെന്ന് ചില കോൺഗ്രസ് നേതാക്കളെ രാഹുൽ അറിയിച്ചിരുന്നു. നിയമസഭയിൽ പോകരുതെന്ന് രാഹുലിനോട് ആവശ്യപ്പെടണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാസമ്മേളനത്തിന് എത്തിയാൽ പ്രത്യേക ബ്ലോക്കിൽ ഇരുത്തുമെന്ന് സ്പീക്കർ എ എൻ ഷംസീർ നേരത്തെ അറിയിച്ചിരുന്നു. പാർലമെന്ററി പാർട്ടിയിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തതായും പ്രതിപക്ഷ ബ്ലോക്കിൽ നിന്ന് മാറ്റിയിരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷനേതാവിന്റെ കത്ത് കിട്ടിയ സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Content Highlight : Rahul will not be allowed to attend Palakkad event: Prashanth Sivan