അമീബിക് മസ്തിഷ്‌ക ജ്വരം; 17 മരണം, 66 പേര്‍ക്ക് രോഗബാധ; കണക്കുകളില്‍ വ്യക്തത വരുത്തി ആരോഗ്യ വകുപ്പ്

ഈ മാസം ഇതുവരെ 17 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഏഴ് പേര്‍ മരിക്കുകയും ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പടര്‍ത്തുന്ന അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ കണക്കുകളില്‍ വ്യക്തത വരുത്തി ആരോഗ്യ വകുപ്പ്. ഈ വര്‍ഷം ആകെ 17 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചതായും 66 പേര്‍ക്ക് രോഗം ബാധിച്ചതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

സെപ്തംബര്‍ മാസം പത്ത് വരെയുള്ള കണക്കുകള്‍ പ്രകാരം 2025ല്‍ ചികിത്സ തേടിയ 60 പേരില്‍ 42 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സംശയിക്കുന്നു എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ കണക്കുകളിലാണ് ഇപ്പോള്‍ വ്യക്തത വരുത്തി 66 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചതായുള്ള വിവരങ്ങള്‍ പുറത്തുവന്നത്. സെപ്തംബര്‍ 12ന് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 19 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഏഴ് പേര്‍ മരിക്കുകയും ചെയ്തു.

ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഈ വര്‍ഷം എലിപ്പനി ബാധിച്ചാണ് ഏറ്റവുമധികം ആളുകള്‍ മരിച്ചത്. ഈ വര്‍ഷം 139 പേരും ഈ മാസം 13 പേരുമാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഇക്കൊല്ലം ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 58 പേരും ഡെങ്കിപ്പനി മൂലം 33 പേരും മരിച്ചു. പനി ബാധിച്ച് 38 മരണവും പേവിഷബാധ മൂലം 23 മരണവും റിപ്പോര്‍ട്ട് ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കി.

Content Highlight; Amoebic Meningoencephalitis: Kerala Confirms 17 Deaths So Far

To advertise here,contact us