തുടർച്ചയായി കേസുകൾ; ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ

മറ്റ് കുറ്റകൃത്യങ്ങളില്‍ പ്രതിയാകാന്‍ പാടില്ല എന്ന ജാമ്യവ്യവസ്ഥ ഷാജനെതിരെ നിലനില്‍ക്കുന്നുണ്ട്

തിരുവനന്തപുരം: വിവിധ കോടതികളുടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ. കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ പരാതിയില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തതോടെ ജാമ്യ വ്യവസ്ഥയുടെ ലംഘനം തുടരുകയാണ്. മറ്റ് കുറ്റകൃത്യങ്ങളില്‍ പ്രതിയാകാന്‍ പാടില്ല എന്ന ജാമ്യവ്യവസ്ഥ ഷാജനെതിരെ നിലനില്‍ക്കുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കൊച്ചിയിലെ കോൺഗ്രസ് പ്രവർത്തകയുടെ പരാതിയിലായിരുന്നു കഴിഞ്ഞ ദിവസം ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തത്. നേരത്തെയും സമാനമായ പരാതിയിൽ സൈബര്‍ പൊലീസ് ഷാജന്‍ സ്‌കറിയയെ വീട്ടിലെത്തി അറസ്റ്റ് ചെയ്തതിരുന്നു. യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലായിരുന്നു ഷാജന്‍ സ്‌കറിയക്കെതിരെ കഴിഞ്ഞ ദിവസം ഹില്‍പാലസ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സന്‍ഹിത 79, 75(3), 3(5) എന്നീ വകുപ്പുകളും ഐടി ആക്ട് 67 വകുപ്പുകള്‍ ഷാജന്‍ സ്‌കറിയക്കെതിരെ ചുമത്തിയിട്ടുണ്ട്.

മാഹി സ്വദേശിയുടെ പരാതിയിലായിരുന്നു നേരത്തെ സമാനമായ കേസ് എടുത്തത്. കളവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ സംപ്രേഷണം ചെയ്ത് സമൂഹത്തിന് മുന്നില്‍ മോശം സ്ത്രീയായി ചിത്രീകരിച്ചെന്നും തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. വീഡിയോ സമൂഹത്തിലും ബന്ധുക്കളുടെ ഇടയിലും ജോലി സ്ഥലത്തും തനിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ബിഎന്‍എസ് 75(1)(4), ഐടി ആക്ട് 67, കെപിഎ ആക്ട് 120 എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന നിലയിലാണ് സ്‌കറിയ പ്രവർത്തിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ കേസുകൾ.

ഷാജന്‍ സ്‌കറിയയെ യുവാക്കള്‍ ചേര്‍ന്ന് ആക്രമിച്ചതും അടുത്തിടെ വാർത്തയായിരുന്നു. ഷാജന്‍ സഞ്ചരിച്ച വാഹനത്തില്‍ ഥാര്‍ ഇടിച്ച് വാഹനം നിര്‍ത്തിച്ച ശേഷമാണ് ആക്രമണം നടത്തിയത്. അക്രമികളെ കണ്ടാല്‍ അറിയാമെന്നും ഇവര്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നും ഷാജന്‍ സ്‌കറിയ മൊഴി നല്‍കിയിരുന്നു. സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഷാജന്‍ സ്‌കറിയയെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതികള്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.

Content Highlights: YouTuber Shajan Skariah Continuesly violates bail conditions of various courts

To advertise here,contact us